അശോക്കുമാറും പഴനിയും പറയുന്നു ഞങ്ങളെ കള്ളന്മാരാക്കല്ലേ...

സ്വന്തം ലേഖിക
Published on Nov 01, 2026, 02:26 AM | 1 min read
കൊല്ലം
‘കള്ളന്മാരാക്കല്ലേ, ഞങ്ങളെ. കടലിൽ ഒഴുകിനടക്കുന്ന സ്വർണം എടുത്ത് സർക്കാരിനെ ഏൽപ്പിച്ചാൽ ഒരു സഹായവുമില്ല. കോടികൾ വിലമതിക്കുന്ന ഇവ കൈമാറിയാൽ പോലും ഒരു നയാപൈസ നൽകാത്തതിൽ വിഷമമുണ്ട്– പറയുന്നത് ജോനകപ്പുറം ഫിഷർമെൻ കോളനിയിലെ അശോക്കുമാറും സുഹൃത്ത് പഴനിയും. അശോക്കുമാറിന്റെ അപ്പ, അമ്മ വള്ളങ്ങളിൽ മീൻപിടിക്കാൻ പോയ സംഘത്തിനാണ് രണ്ടുതവണ തിമിംഗില ഛർദി ലഭിച്ചത്. കഴിഞ്ഞ ദിവസം പത്തുകിലോ തിമിംഗില ഛർദിയാണ് ലഭിച്ചത്. ജനുവരിയിൽ 5.09കിലോയും. തീരത്തുനിന്ന് 29.5കിലോമീറ്റർ (33മാർ) അകലെനിന്നാണ് ഇവ കിട്ടിയത്. രണ്ടുതവണയും ഇത് വനംവകുപ്പിന് കൈമാറിയിരുന്നു. ആദ്യതവണ വലയിടുന്നതിനിടെയാണ് എന്തോ ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്നത്തെ അതേഗന്ധം ഇക്കുറിയും അനുഭവപ്പെട്ടതോടെ ആ പ്രദേശം ലക്ഷ്യവച്ച് പാഞ്ഞു. മൂന്നുകിലോമീറ്റർ അകലെവച്ചേ പാൽ പുളിച്ച ഗന്ധം അനുഭവപ്പെട്ടു. അടുത്തടുത്ത് എത്തുന്പോഴേക്കും കൂടുതൽ രൂക്ഷഗന്ധം. വള്ളം അടുപ്പിച്ച് എടുത്ത് കൈയിൽവച്ച് ഉരച്ചുനോക്കിയാണ് തിമിംഗില ഛർദിയാണോ എന്ന് ഉറപ്പിക്കുന്നത്. കൈകൊണ്ട് തിരുമ്മിയാൽ നല്ല പാലിന്റെ ഗന്ധമാണ്. മഞ്ഞയും ഇളംചുമപ്പും കലർന്ന നിറമാണ് ഇതിന്. കുട്ടിക്കാലത്ത് പൂർവികർ പറഞ്ഞാണ് ഇതിനെപ്പറ്റി കേട്ടിട്ടുള്ളത്. ഇതിനെക്കണ്ടാൽ എടുക്കരുതെന്നാണ് അവർ നിർദേശിച്ചത്. എന്നാൽ, കോടിക്കണക്കിനുരൂപയുടെ സാധനം കടലിൽ കളയണ്ട, സർക്കാരിന് മുതൽക്കൂട്ടാകില്ലേ എന്നുകരുതിയാണ് എടുക്കുന്നത്’– കന്യാകുമാരിയിൽനിന്ന് 18വർഷം മുന്പ് കൊല്ലത്തെത്തി താമസമാക്കിയ അശോക് കുമാർ പറഞ്ഞു. ‘സമൂഹം ഞങ്ങളെ മണ്ടന്മാരെന്ന് മുദ്രകുത്തുകയാണ്. തിമിംഗില ഛർദി ലഭിച്ചാൽ ഉടൻ എത്രയും വേഗം കരയിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങൾ. അന്നത്തെ വരുമാനം പോലും വേണ്ടെന്നുവച്ച് മീൻപിടിത്തം ഉപേക്ഷിച്ചാണ് മടക്കം. എന്നിട്ടും ഒരു അനുമോദനം പോലും നൽകാത്തതിൽ വേദനയുണ്ട്. ഇത് രണ്ടാം തവണയാണ് ഞങ്ങൾ തിമിംഗില ഛർദി സർക്കാരിനെ ഏൽപ്പിക്കുന്നത്. ഇനി ഇതുകണ്ടാൽ ഞങ്ങൾ എടുക്കണോ, പണത്തിനായി കൈവശംവച്ചാൽ ഞങ്ങൾ കള്ളന്മാരാകില്ലേ’– അവർ ചോദിച്ചു.








0 comments