മണ്ണിലിറങ്ങി താരങ്ങൾ
പുത്തൻ ഉണർവുമായി പ്രിന്റിങ് സ്ഥാപനങ്ങൾ

എസ് അനന്ദവിഷ്ണു
Published on Jun 19, 2026, 01:00 AM | 1 min read
കൊല്ലം
കാൽപ്പന്ത് ആവേശം ലോകം കീഴടക്കുന്പോൾ ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലി തുടരുകയാണ്. നഗരങ്ങളിലും തെരുവുകളിലും പാടവരന്പുകളിലും ഫ്ലക്‌സായും കട്ടൗട്ടായും ഫുട്‌ബോൾ ലഹരി പടരുന്നു. പന്തുകാലം നാട്ടിലെ ഫ്ലക്‌സ് പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ചാകരക്കാലമാണ്. മെസിയും റൊണോൾഡോയും നെയ്‌മറും എംബാപ്പെയും ഫ്ലക്‌സ് ബോർഡുകളും ബാനറുകളുമായി വിവിധ വർണങ്ങളിലാണ് ഉയരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം ആവേശംകൊണ്ട ലോക കപ്പ് പ്രചാരണ പ്രവർത്തനങ്ങളെന്ന് ഫ്ലക്‌സ് പ്രിന്റിങ് സ്ഥാപനം ഉടമകൾ പറയുന്നു. തുണിയും പോളിവിനൈൽ മെറ്റീരിയലും പോളി എത്തിലെൻ മെറ്റീരിയലും ഉപയോഗിച്ചാണ് കട്ടൗട്ടുകൾ ഇറക്കുന്നത്. "വൺ ലാസ്റ്റ് ഡാൻസ്" എന്ന ക്യാപ്ഷനോട് കൂടിയ മെസിയുടെ ഫ്ലക്‌സ് ആണ് ഏറ്റവും കൂടുതൽ പ്രിന്റ് ചെയ്യുന്നതെന്ന് കൊല്ലം ഹൈസ്‌കൂൾ ജങ്‌ഷനിലുള്ള സിഗ്നേച്ചർ ആഡ്‌സ് ഉടമ ജി സുമേഷ് കുമാർ പറഞ്ഞു. നെയ്മറുടെയും ക്രിസ്റ്റ്യാനോയുടെയും എംബാപ്പെയുടെയും ഒപ്പം ജർമനി, സ്പെയിൻ, മെക്സിക്കോ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ ഫ്ലക്‌സുകളും ആരാധകർ അടിക്കാറുണ്ട്. തുണിയിൽ പ്രിന്റ് ചെയ്യുന്നതിന് വില കൂടുതൽ ആണെങ്കിലും ആരാധകർ കൂടുതലായും തുണി പ്രിന്റിങ് ഫ്ലക്‌സാണ് തെരഞ്ഞെടുക്കുന്നത്. കാലാവധി കഴിഞ്ഞ ഫ്ലക്‌സുകൾ ചെരിപ്പുണ്ടാക്കാനും റോഡ് നിർമാണത്തിനുള്ള താറിനൊപ്പവും ഉപയോഗിക്കും.










0 comments