ഏത്തക്കുലയെ കടത്തിവെട്ടി പൂവൻകുല

എ ബി അന്‍സാര്‍
Published on Aug 25, 2026, 12:48 AM | 1 min read
പത്തനാപുരം
ഓണക്കാലത്ത് പഴവിപണിയിൽ അപ്രതീക്ഷിത ‘ട്വിസ്റ്റ്’. സ്ഥിരം താരമായ ഏത്തക്കായയെയും ഏത്തപ്പഴത്തെയും പിന്നിലാക്കി പൂവൻകുലകൾ പിടിമുറുക്കുന്നു. ഡിമാൻഡ് ഉയർന്നതോടെ പൂവൻ പഴത്തിന്റെ വില കുതിച്ചുയർന്ന് ഏറ്റവും ഉയർന്ന നിരക്കിലെത്തി. സാധാരണ കിലോയ്ക്ക് 45–55 രൂപ നിരക്കിൽ വിറ്റിരുന്ന നാടൻ പൂവൻകുലകൾക്ക് നിലവിൽ 100 മുതൽ 110 രൂപ വരെയാണ് വില. ഉത്രാടപ്പാച്ചിലിൽ ഇത് 125 രൂപ കടക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. അതേസമയം ഏത്തക്കായയ്ക്ക് 50–60 രൂപയും ഏത്തപ്പഴത്തിന് 60–70 രൂപയുമാണ് നിലവിലെ ശരാശരി വില. സാധാരണ വലിപ്പമുള്ള പൂവൻകുല സ്വന്തമാക്കണമെങ്കിൽ ഉപഭോക്താക്കൾ 1000 മുതൽ 1500 രൂപ വരെ മുടക്കണം. വിലക്കയറ്റത്തിന് പിന്നിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പൂവൻകുലകളുടെ വരവ് ഗണ്യമായി കുറഞ്ഞതും സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥയും കാരണം പ്രാദേശിക ഉൽപ്പാദനത്തിൽ ഇടിവുണ്ടായതാണ് വിലക്കയറ്റത്തിന് പിന്നില്‍. ഇലയിട്ടുള്ള ഓണസദ്യക്ക് പായസത്തിനൊപ്പം കഴിക്കാൻ പൂവൻ പഴത്തിനാണ് മലയാളികൾക്കിടയിൽ മുൻഗണന. കൂടാതെ ഉത്രാടം, തിരുവോണം നാളുകളിലെ ക്ഷേത്രപൂജകൾക്കും കാഴ്ചക്കുലകൾക്കും പൂവൻ പഴത്തിന്റെ ആവശ്യം ഇരട്ടിയായി. വിപണിയിലെ വറുത്തുപ്പേരിക്കും ശർക്കരവരട്ടിക്കുമായി ഏത്തക്കായ വൻതോതിൽ മുൻകൂട്ടി സംഭരിച്ചതിനാൽ നിലവിൽ ഏത്തക്കായ വിലയിൽ അസ്വാഭാവിക കുതിപ്പില്ല. മറ്റു പഴങ്ങളായ ഞാലിപ്പൂവന് കിലോയ്ക്ക് 100–110രൂപയും പാളയംതോടന് 60– 70 രൂപയുമാണ് വിപണിവില. വിലക്കയറ്റം സാധാരണക്കാരുടെ ഓണബജറ്റിനെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും വിളവ് കുറഞ്ഞ സീസണിൽ മികച്ച വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ട്.









0 comments