മറക്കരുത് പാരിപ്പള്ളിയുടെ പാഠം

ജയൻ ഇടയ്‌ക്കാട്
Published on Feb 06, 2026, 01:53 AM | 2 min read
കൊല്ലം
ഇഎസ്‌ഐ കോർപറേഷൻ ആദ്യമായി കേരളത്തിന് അനുവദിച്ച പാരിപ്പള്ളി മെഡിക്കൽ കോളേജ് എങ്ങനെ നഷ്ടമായെന്ന് കള്ളപ്രചാരകർ മറന്നാലും കൊല്ലം ജനത മറക്കില്ല. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ പാരിപ്പള്ളിയിൽ ഇപ്പോൾ തലയെടുപ്പോടെ നിൽക്കുന്ന കൊല്ലം ഗവ. മെഡിക്കൽ കോളേജ് ഒരു പാഠമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പച്ചക്കള്ളം പ്രചരിപ്പിക്കാനിറങ്ങിയവർ ഓർത്തിരിക്കേണ്ട അനുഭവപാഠം. പ്രഖ്യാപനം നടത്തിയാൽ മാത്രം മെഡിക്കൽ കോളേജ് ആകില്ലെന്നതിന് തെളിവാണ് പാരിപ്പള്ളി. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിക്കാതെ വർഷങ്ങൾ നീണ്ടു. ഒടുവിൽ 2014 സെപ്‌തംബർ അഞ്ചിന് ഇഎസ്‌ഐ കോർപറേഷൻ ഡയറക്ടർ ജനറൽ എ കെ അഗർവാൾ സംസ്ഥാന സർക്കാരിലേക്ക് എഴുതിയ കത്ത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പാരിപ്പള്ളിയിൽ മെഡിക്കൽ കോളേജ് കോർപറേഷന് നടത്താനാകില്ലെന്നും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. 2016ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിപദം ഒഴിയും വരെ അടിസ്ഥാനസൗകര്യങ്ങൾ എന്ന ആവശ്യത്തിന് ചുവപ്പുനാടയിൽനിന്ന് മോചനമുണ്ടായില്ല. തുടർന്ന് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ഫയലിന് ജീവൻ വച്ചു. അധ്യാപകർ, നഴ്‌സ്, പാരാമെഡിക്കൽ സ്റ്റാഫ്, ആധുനിക ലബോറട്ടറി, ആധുനിക ഓപ്പറേഷൻ തിയറ്റർ, അനുബന്ധ ലാബുകൾ, ജീവനക്കാർക്കും കുട്ടികൾക്കുമുള്ള ഹോസ്റ്റൽ, മാനദണ്ഡപ്രകാരമുള്ള ജീവനക്കാർ ഉൾപ്പെടെ എല്ലാം യാഥാർഥ്യമായി. ഓൾ ഇന്ത്യ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതും 2017ൽ ആദ്യ ബാച്ചിൽ 100 എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നടത്താനായതും ഇൗ സാഹചര്യത്തിലാണ്. പത്ത് വർഷമാകുന്ന സന്ദർഭത്തിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങവെ ആശ്രാമം ഇഎസ്‌ഐ ആശുപത്രി മെഡിക്കൽകോളേജ് വാർത്തയെത്തുന്നു. എന്നാൽ, ഇതിനു മുന്നോടിയായി ഇഎസ്‌ഐ കോർപറേഷനുകീഴിൽ 220 കിടക്കയുള്ള 10 ആശുപത്രി അപ്‌ഗ്രേഡ് ചെയ്‌ത് മെഡിക്കൽ കോളേജാക്കുന്നതിന്റെ ഭാഗമായ തീരുമാനം വന്നിട്ട് മാസങ്ങൾ പിന്നിട്ടു. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനുവേണ്ടി 2026 ജനുവരി അഞ്ചിനാണ് സംസ്ഥാന ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയത്. ജനുവരി 19ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരമുള്ള മൂന്നംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിലുള്ള സൗകര്യങ്ങൾക്ക് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ മാനദണ്ഡപ്രകാരമുള്ള അംഗീകാരം ലഭിക്കില്ല. ഏഴ് ഏക്കറോളം സ്ഥലമാണ് ആശ്രാമത്ത് ഇഎസ്‌ഐക്ക് നിലവിലുള്ളത്. ആശുപത്രി, സബ് റീജണൽ ഓഫീസ്, ക്വാർട്ടേഴ്‌സ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. സബ് റീജണൽ ഓഫീസ് കെട്ടിടം മെഡിക്കൽ കോളേജിന്റെ അഡ്‌മിനിസ്‌ടേറ്റീവ് ഓഫീസാക്കി മാറ്റുന്നതിന്റെ സാധ്യതയും പരിഗണിച്ചു. അനേകമാളുകൾ നിത്യേന എത്തുന്ന സബ് റീജണൽ ഓഫീസ് കെട്ടിടം പെട്ടെന്ന് ഇവിടെനിന്നു മാറ്റുന്പോഴുള്ള ബുദ്ധിമുട്ട് ജീവനക്കാർ തന്നെ ഉയർത്തിയതായും സൂചനയുണ്ട്. പരിശോധനാസംഘം നൽകിയ റിപ്പോർട്ടിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്‌തത വ്യക്തമാക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് അപേക്ഷ നിരസിക്കാതെ അടിസ്ഥാനസൗകര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി വിശദറിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയായിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെ കുട്ടികൾക്ക് പ്രവേശനം നൽകിയാൽ നാഷണൽ മെഡിക്കൽ കമീഷന്റെ അംഗീകാരം ലഭിക്കില്ല. ആശ്രാമം ഇഎസ്‌ഐ ആശുപത്രി നിലവിൽ പ്രവർത്തിക്കുന്ന സ്ഥാനത്ത് ഇഎസ്‌ഐ മെഡിക്കൽകോളേജ് എന്ന ബോർഡ് മാത്രമാകും മിച്ചം. വസ്‌തുതകൾ മറച്ച് കള്ളപ്രചാരണത്തിനിറങ്ങുന്നവരുടെ തനിനിറം പൊതുസമൂഹം തിരിച്ചറിയും.










0 comments