ad
Deshabhimani

കരുത്തോടെ വഴിതെളിച്ച്‌ അമരക്കാരൻ

എൽഡിഎഫ് കുണ്ടറ മണ്ഡലം സ്ഥാനാർഥി എസ് എൽ സജികുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കുണ്ടറ മുക്കടയിൽ നടത്തിയ പൊതുയോഗം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു
avatar
ജയൻ ഇടയ്‌ക്കാട്‌

Published on Apr 07, 2026, 01:33 AM | 2 min read

കൊല്ലം

എൽഡിഎഫ്‌ പ്രചാരണയോഗങ്ങളിൽ ചരിത്രവും വർത്തമാനവും പറഞ്ഞ്‌ ഭാവിയുടെ നേർവഴി തെളിക്കുകയാണ്‌ സിപിഐ എമ്മിന്റെ അമരക്കാരൻ എം എ ബേബി. എൽഡിഎഫ്‌ സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങൾ അഗ്നിവിതറുന്ന വാക്കുകളിലൂടെ പൊളിച്ചടുക്കിയും തെരഞ്ഞെടുപ്പ്‌ വേദികൾ കൈയിലെടുക്കുന്നു. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്‌ചയാണ്‌ എം എ ബേബി ജില്ലയിലെത്തിയത്‌. രാവിലെ ചാത്തന്നൂർ മണ്ഡലത്തിലെ പൂയപ്പള്ളി ജങ്‌ഷനിലായിരുന്നു ആദ്യയോഗം. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവനൊപ്പം കാറിൽനിന്ന്‌ ഇറങ്ങുന്പോൾ അഭിവാദ്യ മുദ്രാവാക്യം. പ്രവർത്തകർക്ക്‌ കൈകൊടുത്തും പ്രത്യഭിവാദ്യം ചെയ്‌തും അവർക്കിടയിൽ ഒരാളായി വേദിയിലേക്ക്‌. വോട്ട്‌ അഭ്യർഥനയ്‌ക്ക്‌ നിരവധി സ്ഥലങ്ങളിൽ പോകേണ്ട സ്ഥാനാർഥി ആർ രാജേന്ദ്രന്‌ ആദ്യം സംസാരിക്കാൻ അവസരം നൽകി. തുടർന്നുള്ള പ്രസംഗത്തിനിടെ ചില ചോദ്യങ്ങൾ സദസ്സിലേക്ക്‌. റോബോട്ടിക്‌സ്‌ പഠനത്തിന്‌ അവസരം നൽകുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയെക്കുറിച്ചുള്ള ചോദ്യത്തിന്‌ വിഷയമായത്‌ ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ സിനിമ. ശരിയുത്തരത്തിന്‌ ഉടൻ സമ്മാനം. ക്രിക്കറ്റ്‌ താരം സഞ്ജു സാംസനുമായി ബന്ധപ്പെട്ട ചോദ്യവും കനഗോലുവിന്റെ കള്ളത്തരങ്ങളും പ്രസംഗത്തിൽ കടന്നുവന്നു. ഇ‍ൗ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സെഞ്ച്വറി അടിക്കുമെന്നുള്ള എം എ ബേബിയുടെ പ്രതീക്ഷയ്‌ക്ക്‌ സദസ്സിൽനിന്ന്‌ നിറഞ്ഞ കൈയടി. പകൽ 12ന്‌ കൊല്ലം പ്രസ്‌ക്ലബ്ബിന്റെ വോട്ടും വാക്കും പരിപാടി. ഒരു മണിക്കുർ മുന്പ്‌ നടന്ന എൽഡിഎഫ്‌ പ്രോഗ്രസ്‌ റിപ്പോർട്ട്‌ അടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം ലൈവായ മറുപടി. വൈകിട്ട്‌ കുണ്ടറയിൽ എൽഡിഎഫ്‌ സ്ഥാനാർഥി എസ്‌ എൽ സജികുമാറിനൊപ്പം റോഡ്‌ഷോ. പേരയത്തുനിന്ന്‌ ആരംഭിച്ച റോഡ്‌ഷോക്ക്‌ മുക്കടയിൽ സമാപനം. നൂറുകണക്കിന്‌ ബൈക്കുകളിൽനിന്ന്‌ ഉയർന്ന ജെൻസികളുടെ വിജയാരവത്തിനൊപ്പം ആവേശയാത്ര. പൊതുയോഗത്തിലെ പ്രസംഗത്തിനിടെ ഉയർത്തിയ ചോദ്യത്തിലെ വിജയിക്ക്‌ വേദിയിലിരുന്ന നടൻ മധുപാലിന്റെ വകയും സമ്മാനം. കുണ്ടറയുടെ ജനപ്രതിനിധികളായിരുന്ന തന്റെയും വേദിയിലിരുന്ന ജെ മേഴ്‌സിക്കുട്ടിഅമ്മയുടെയും പ്രവർത്തനവഴികളിലൂടെ ലഘുസഞ്ചാരം. ഇരവിപുരം മണ്ഡലത്തിലെ കന്റോൺമെന്റിൽ എം ന‍ൗഷാദിനുവേണ്ടി ആയിരങ്ങൾ പങ്കെടുത്ത റാലിക്കുശേഷമായിരുന്നു പൊതുയോഗം. കൊല്ലം മണ്ഡലം സ്ഥാനാർഥി എസ്‌ ജയമോഹനും നിറസാന്നിധ്യമായി. എൽഡിഎഫിന്‌ മൂന്നാമൂഴം ലഭിക്കേണ്ടതിന്റെ കാരണങ്ങൾ വാക്കുകളിലൂടെ ക്യാപ്‌സ്യൂൾ പരുവത്തിലാക്കിയുള്ള പ്രസംഗം. യുഡിഎഫ്‌-, ബിജെപി ജനവിരുദ്ധ നിലപാടുകൾക്കെതിരെ കടുത്ത വിമർശം. സമകാലിക രാഷ്ട്രീയവും ചരിത്രവും ഓർമിപ്പിച്ചുള്ള വാക്കുകളിൽ ഉയരുന്ന ചോദ്യങ്ങളിൽ രാഷ്ട്രീയ എതിരാളികൾക്ക്‌ ഉത്തരം മുട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home