ചില്ലറവിൽപ്പന വില 8 മുതൽ 10വരെ
മുട്ടയും പൊള്ളിക്കും

..എ ബി അൻസാർ
Published on Nov 12, 2026, 01:17 AM | 1 min read
പത്തനാപുരം
സാധാരണക്കാരന്റെ തീൻമേശയിലെ പ്രധാനവിഭവമായ മുട്ടയ്ക്കും വില കുതിക്കുന്നു. ഒരാഴ്ച മുമ്പ് 6.50രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു മുട്ടയുടെ വില ഇപ്പോൾ 8 മുതൽ 10രൂപ വരെയായി ഉയർന്നു. ഇതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളംതെറ്റുകയാണ്. കേരളത്തിലെ മുട്ടവിപണി പ്രധാനമായും തമിഴ്നാട്ടിലെ ഉൽപ്പാദന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നാമക്കലാണ്. രാജ്യത്തെ പ്രമുഖ കോഴിമുട്ട ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ നാമക്കലിലെ ഫാമുകളിൽനിന്ന് വൻതോതിലാണ് മുട്ടകൾ കേരളത്തിലെ വിപണികളിലേക്ക് എത്തുന്നത്. തമിഴ്നാട്ടിലെ മറ്റ് കോഴിവളർത്തൽ കേന്ദ്രങ്ങളിൽനിന്ന് കേരളത്തിലേക്ക് മുട്ട എത്തുന്നുണ്ട്. സംസ്ഥാനത്തിനകത്തും ഉൽപ്പാദനമുണ്ടെങ്കിലും ആഭ്യന്തര ആവശ്യത്തിന്റെ വലിയൊരു ഭാഗവും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനയാണ് വില ഉയരാനുള്ള പ്രധാന കാരണം. 1,800–2,000രൂപയായിരുന്ന കോഴിത്തീറ്റയുടെ വില 2,760രൂപ വരെ ഉയർന്നു. ചോളത്തിന്റെ ലഭ്യത കുറഞ്ഞതും ഉൽപ്പാദനച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് അടുത്തതോടെ കേക്ക് നിർമാണത്തിനും ബേക്കറി ഉൽപ്പന്നങ്ങൾക്കും മുട്ടയുടെ ആവശ്യം വർധിക്കുന്നതും വിപണിയിൽ വില ഉയരാൻ കാരണമാകുന്നു. വിലക്കയറ്റം സാധാരണ കുടുംബങ്ങളെ മാത്രമല്ല, ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവയെയും ബാധിക്കുന്നുണ്ട്. ദിവസേന മുട്ട ഉപയോഗിക്കുന്ന വ്യാപാരികൾക്ക് അധിക ചെലവ് നേരിടേണ്ടിവരുന്നു. വിലവർധന തുടർന്നാൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലും മാറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കുറഞ്ഞ വിലയിൽ പോഷകസമൃദ്ധമായ ഭക്ഷണമായി കണക്കാക്കിയിരുന്ന മുട്ടയ്ക്കുപോലും 10രൂപ നൽകേണ്ടിവരുന്ന സാഹചര്യം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.








0 comments