താക്കീതായി ഡിവൈഎഫ്‌ഐ കലക്ടറേറ്റ് മാർച്ച്


സ്വന്തം ലേഖകൻ
Published on Jun 25, 2026, 01:37 AM | 1 min read
കൊല്ലം
കരയും കടലും ആകാശവും അദാനിക്ക്, നികുതിയിളവ് മദ്യമാഫിയക്ക്, സർവകലാശാലകൾ ആർഎസ്‌എസിന് എന്ന യുഡിഎഫ് നയത്തിനെതിരെ ഡിവൈഎഫ്‌ഐ കലക്ടറേറ്റ് മാർച്ച് നടത്തി. നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം ശ്യാംമോഹൻ ഉദ്‌ഘാടനംചെയ്‌തു. യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രവും ബജറ്റും കേരളത്തെ കോർപറേറ്റുകൾക്ക് തീറെഴുതാൻ വേണ്ടിയുള്ളതാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാകുമെന്ന് പ്രതിപക്ഷനേതാവായിരുന്ന ഘട്ടത്തിൽ പറഞ്ഞ വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ നികുതിയിളവ് നൽകിയത് മദ്യമാഫിയകൾക്കുള്ള പാരിതോഷികമാണ്. എംജി സർവകലാശാല ആർഎസ്‌എസ് ശാഖയായി അധഃപതിച്ചത് വി ഡി സതീശൻ– ആർഎസ്‌എസ് ഡീലിന്റെ ഭാഗമായാണ്. മംഗലൂരുവിൽ വിഡി സതീശൻ– അദാനി കൂടിക്കാഴ്‌ചയുടെ ഫലമാണ് തീരദേശം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതി നിർദേശങ്ങൾ. ജനവിരുദ്ധനയങ്ങൾക്കെതിരെ നടന്ന പ്രതിഷേധം യുഡിഎഫ് സർക്കാരിന് ശക്തമായ താക്കീതായി. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. ട്രഷറർ എസ് ഷബീർ, ഡിവൈഎഫ്‌ഐ നേതാക്കളായ എം ഹരിക്യഷ്‌ണൻ, എം എസ് ശബരീനാഥ്, കെ സുധീഷ്, സി രതീഷ്, എസ് ശ്യാം, എ ജെ മാർക്‌സൺ, ആർ അനിൽ, ടി പി അഭിമന്യൂ എന്നിവർ സംസാരിച്ചു.









0 comments