സുഹൃത്തിന്റെ വീട്ടിൽ മോഷണം
സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

അഞ്ചൽ
ആളില്ലാത്ത സമയം സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ചയാളെ ഏരൂർ പൊലീസ് പിടികൂടി. അഞ്ചലിലെ സ്വകാര്യ ബസ് ഡ്രൈവറായ ജിതിൻ ഏലിയസാണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. ഏരൂർ സ്വദേശികളായ ഷീജ, സുഗതൻ എന്നിവരുടെ വീട്ടിലാണ് മോഷണം നടത്തിയത്. ഇവരുടെ മകന്റെ സുഹൃത്താണ് ജിതിൻ. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി സുഗതൻ പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മരണാനന്തരചടങ്ങുകൾക്ക് ശേഷം 17ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. 12000രൂപയും രണ്ടരപ്പവൻ സ്വർണവുമാണ് കവർന്നത്. 10 ഗ്രാമിന്റെ മാല, രണ്ട് ഏലസ്, അരപ്പവൻ വരുന്ന കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. തുടർന്ന് വീട്ടുകാർ ഏരൂർ പൊലീസിൽ പരാതി നൽകി. ജിതിൻ ഏലിയാസ് മാത്രമാണ് മുന്പ് വീട്ടിൽ വന്നിട്ടുള്ളതെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. അഞ്ചൽ കോളേജ് ജങ്ഷനിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തുമ്പോൾ ജിതിൻ സുഹൃത്തുക്കളുമായി ആഘോഷത്തിലായിരുന്നു. പരാതിക്കാരായ ദമ്പതികളുടെ കുടുംബവീട്ടിൽ മുന്പ് ഇയാൾ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










0 comments