വീടുകൾക്കും അങ്കണവാടിക്കും നാശനഷ്ടം
കളീയ്ക്കൽ കടപ്പുറത്തെ ഉലച്ച് ചുഴലിക്കാറ്റ്

കൊല്ലം മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്ത് ശക്തമായ കാറ്റിനെ തുടർന്ന് തകർന്ന വീട്
സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:26 AM | 2 min read
കൊല്ലം
"ഞാൻ നോക്കി നിൽക്കുമ്പോളാണ് മരുമകൻ പറന്നുവീഴുന്നത്. ഇങ്ങനൊരു കാഴ്ച ജീവിതത്തിൽ ആദ്യം'– കലിതുള്ളിയെത്തിയ ചുഴലി നേരിട്ടുകണ്ടതിന്റെ ഞെട്ടൽ കളീയ്ക്കൽ തെക്കേതിൽ സരസ്വതിയുടെ വാക്കുകളിൽ ഇപ്പോഴുമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റിൽ കോർപറേഷൻ 42–ാം ഡിവിഷൻ മുണ്ടയ്ക്കൽ കളീയ്ക്കൽ കടപ്പുറത്തെ നിരവധി വീടുകൾക്കും 160-–ാം നമ്പർ അങ്കണവാടിക്കും വ്യാപക നാശനഷ്ടമുണ്ടായി. കടപ്പുറത്ത് കടൽത്തീരത്തോടു ചേർന്ന് വൈദ്യുത തൂണുകൊണ്ട് നിർമിച്ച കലുങ്കിൽ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു സരസ്വതിയുടെ മരുമകൻ സജിയും സുഹൃത്തുക്കളായ സുനിൽകുമാറും ഗോപാലനും. വൈകിട്ട് ആറേകാലോടെ കടലിൽ ദൂരെമാറി ചുഴലിക്കാറ്റ് കണ്ടെങ്കിലും സാധാരണയായി കരയിലേക്ക് അടിച്ചെത്താറില്ല. ആ പ്രതീക്ഷയിൽ മൂവരും സംസാരിച്ചിരുന്നു. എന്നാൽ, ഇക്കുറി കാറ്റ് പതിവ് തെറ്റിച്ചു. കാറ്റ് ആദ്യം കലിതീർത്തത് തങ്കമ്മ ഭവനിൽ ആർ വിനോദിന്റെ വീടിന്റെ മേൽക്കൂര തകർത്താണ്. തകര ഷീറ്റുകൊണ്ട് മേഞ്ഞ മേൽക്കൂര കാറ്റിന്റെ ശക്തിയിൽ ഉയർന്നുപൊങ്ങി തിരികെയിരുന്നു. സ്കൂൾ കഴിഞ്ഞെത്തി മുറ്റത്തുനിൽക്കുകയായിരുന്ന അഞ്ചാംക്ലാസുകാരൻ ഷിമയോൺ കാറ്റ് കണ്ടപാടെ ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഷിമയോണിന്റെ സഹോദരൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഷാരോണും വിനോദിന്റെ അച്ഛൻ രാജുവുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറ്റ് കണ്ടുനിൽക്കുന്ന സമയം സജിയും സുഹൃത്തുക്കളും ചുഴിയിൽപ്പെട്ടു. മൂവരെയും പത്ത് മീറ്ററിലധികം കാറ്റ് കുടഞ്ഞെറിഞ്ഞു. നിസ്സാര പരിക്കുകളോടെ ഇവരും രക്ഷപ്പെട്ടു. തുടർന്ന് സമീപത്തെ കളീയ്ക്കൽ കടപ്പുറം 160-–ാം നമ്പർ അങ്കണവാടിയുടെ തകരഷീറ്റ് കൊണ്ടുമേഞ്ഞ മേൽക്കൂരയും കാറ്റിന്റെ കലിയിൽ നിലംപൊത്തി. സമീപത്തെ വൈദ്യുത തൂണിലേക്ക് വീണ ഷീറ്റ് വൈദ്യുതകന്പികളും തെരുവുവിളക്കും ഉൾപ്പെടെ തകർത്തു. കളീയ്ക്കൽ ജയരാജിന്റെയും ഉമാമഹേശ്വരിയുടെയും വീടിനകത്തേക്ക് കല്ലും മണ്ണും അടിച്ചുകയറി. കല്ലിന്റെ ചീള് കൊണ്ട് മകൻ അരുൺ രാജിന്റെ മുതുകിൽ നിസ്സാര പരിക്കേറ്റു. എറണാകുളത്ത് ഓയിൽ ആൻഡ് ഗ്യാസ് കോഴ്സ് പഠിക്കുന്ന അരുൺ അവധിക്ക് നാട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. സരസ്വതിയുടെ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സരസ്വതിയും അമ്മ തൊണ്ണൂറുകാരി ദേവകിയമ്മയും മാത്രമാണ് ഇവിടെ താമസം. അപകടത്തെതുടർന്ന് പ്രദേശത്ത് വൈദ്യുതകന്പികൾ പൊട്ടിയതോടെ പ്രദേശം ഇരുട്ടിലായി. അഗ്നിരക്ഷാസേന എത്തിയെങ്കിലും അങ്കണവാടിയുടെ തകർന്ന ഷീറ്റ് മുറിച്ചുമാറ്റാൻ കഴിഞ്ഞില്ല.
കൗൺസിലറുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം
കൊല്ലം
ചൊവ്വാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ കളീയ്ക്കൽ കടപ്പുറം 160-–ാം നമ്പർ അങ്കണവാടിയുടെ മേൽക്കൂര തകർന്ന സംഭവത്തിൽ കൗൺസിലർക്കെതിരെ പ്രതിഷേധം. അപകടസമയം പ്രദേശത്തെത്തിയ 42–ാം ഡിവിഷൻ യുഡിഎഫ് കൗൺസിലർ ജയലക്ഷ്മി ജയൻ മേൽക്കൂര വേണ്ട സമയത്ത് അറ്റകുറ്റപ്പണി നടത്താത്തത് ടീച്ചറുടെ അനാസ്ഥയാണെന്നു പറഞ്ഞ് കൈമലർത്തുകയായിരുന്നു. എന്നാൽ, മുൻ കൗൺസിലറും നിലവിൽ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷനുമായ അഭിലാഷ് കുരുവിളയ്ക്ക് മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ നിവേദനം ഉൾപ്പെടെ നൽകിയിരുന്നു. നിഷേധ സമീപനമാണ് സ്വീകരിച്ചത്. നിലവിലെ കൗൺസിലറും മറ്റുള്ളവരുടെ തലയിൽ പഴിചാരി തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.








0 comments