സിപിഐ ജില്ലാസമ്മേളന പ്രതിനിധി സമ്മേളനം തുടങ്ങി
ബിജെപിക്കുമുന്നിൽ കോൺഗ്രസ് ചാഞ്ചാടുന്നു: ബിനോയ് വിശ്വം

സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Aug 02, 2025, 12:40 AM | 1 min read
കൊല്ലം
ലക്ഷ്യമറിയാതെ ബിജെപിക്കുമുന്നിൽ കോൺഗ്രസ് ചാഞ്ചാടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആർ രാമചന്ദ്രൻ നഗറിൽ (സി കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ)ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസ്റ്റ് ശക്തിയായ ആർഎസ്എസിനെതിരെ ഐക്യനിര ശക്തിപ്പെടുത്തലാണ് ഇടതുപക്ഷത്തിന്റെ കർത്തവ്യം. ഇതിനുവേണ്ടി രൂപീകരിച്ച ഇന്ത്യ സഖ്യത്തെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തില്‍ എല്‍ഡിഎഫിനെ ശക്തമാക്കണം. ഐക്യവും സമരവും രണ്ടല്ല. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്യില്ല. ശത്രു ഏതെന്നും മിത്രം ഏതെന്നും തിരിച്ചറിയാൻ ഇപ്പോഴും ചിലർക്കു കഴിയുന്നില്ല. എസ്‌എൻ കോളേജിൽ എബിവിപിയാണ് മുഖ്യശത്രു എന്ന കാര്യത്തില്‍ എഐഎസ്എഫിന് സംശയമുണ്ടാകരുത്. പാര്‍ടിയില്‍നിന്ന് ആരും രാജിവച്ച് പോകേണ്ട സാഹചര്യമില്ല. മറിച്ചുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അഭിപ്രായവ്യത്യാസമുള്ള ചിലര്‍ സ്ഥാനമൊഴിഞ്ഞു. അത് പാര്‍ടിയില്‍ നിന്നുള്ള രാജിയല്ല–- അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവ് ജെ ഉദയഭാനു സമ്മേളന നഗറിൽ പതാക ഉയർത്തി. ഉദ്‌ഘാടന സമ്മേളനത്തിൽ മന്മഥൻനായർ താൽക്കാലിക അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ വിജയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേല്‍ രാഷ്ട്രീയറിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ശനിയാഴ്‌ചയും തുടരും.










0 comments