ad
Deshabhimani

കാലവർഷവും ട്രോളിങ് നിരോധനവും

തീരമേഖലയിൽ 
അലയടിച്ച്‌ ആശങ്ക

ആന്റണി പീറ്റർ

ആന്റണി പീറ്റർ

avatar
എസ്‌ അനന്തവിഷ്ണു

Published on Jun 10, 2026, 12:32 AM | 1 min read

കൊല്ലം

കലിതുള്ളി അലയടിച്ചെത്തുന്ന കടൽപോലെ പ്രക്ഷുബ്ദമാണ്‌ ആന്റണിയുടെ നെഞ്ചകം. സമൃദ്ധിയിൽനിന്ന്‌ വറുതിയിലേക്ക്‌ തങ്ങളെ തള്ളിയിട്ടെത്തുന്ന ട്രോളിങ് നിരോധനം... പിന്നാലെയെത്തുന്ന കാലവർഷക്കെടുതി... ആന്റണിയെപോലെ നൂറുകണക്കിന്‌ മത്സ്യത്തൊഴിലാളികളുടെ ഉള്ളം തിരയടങ്ങാത്ത കടൽപോലെ അശാന്തമാണ്. ""ട്രോളിങ്‌ കാലം ഞങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധിയുടെ കാലമാണ്. ആയിരക്കണക്കിനാളുകൾക്ക്‌ പണിയില്ലാതാകും. വലിയ ബോട്ടുകൾ തീരത്തടിയുമ്പോൾ തൊഴിലാളികൾക്ക്‌ ആശ്രയമാകുന്നത്‌ ചെറിയ ഫൈബർ വള്ളങ്ങളാണ്‌. എന്നാൽ, ഇത്തവണത്തെ കാറ്റിൽ ചെറുവള്ളങ്ങളും കടലിറക്കാൻ സാധിക്കുന്നില്ല. എങ്ങനെ ഈ കാലം അതിജീവിക്കുമെന്നു അറിയില്ല''– ആന്റണിയുടെ വാക്കുകളിൽ നിരാശയുടെ കടലരിമ്പമാണ്‌. ഒരായുസ്സിന്റെ പരിചയസമ്പത്തും കടലാഴങ്ങളോളം അനുഭവങ്ങളുമുള്ള ഇരവിപുരം പനമൂട് തൈപ്പുരയിടത്തിൽ ആന്റണി പീറ്റർ വിഷമം പറയുമ്പോൾ തീരത്തെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ നെഞ്ചിലും ഇതേ ചിന്തയാണ്. ട്രോളിങ്‌ നിരോധനത്തിനൊപ്പം കനത്ത കാലവർഷവും ശക്തമായ കടലാക്രമണവും തീരമേഖലയെ പ്രതിസന്ധിയിലാക്കും. ഇത്തവണ കാറ്റും മഴയും രൂക്ഷമായതോടെ മൂന്നുദിവസമായി വള്ളം ഇറക്കിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും ഇന്ധനവില വർധനവും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌. ഫൈബർ വള്ളങ്ങളിൽ ചാള, പരവ, താട, കുറ്റ, കോര തുടങ്ങിയ മീനുകളാണ്‌ ലഭിച്ചിരുന്നത്‌. എന്നാൽ, കടലാക്രമണവും കാറ്റും കാരണം ഇത്തവണ ചാള മാത്രമാണ് ലഭിക്കുന്നത്. ഇവയ്ക്ക് കിലോ 300 രൂപയ്ക്ക് മുകളിലാണ് വില. മണ്ണെണ്ണ വിലവർധന മൂലം പെട്രോളിലേക്ക് മാറിയെങ്കിലും വില താങ്ങാവുന്നതിപ്പുറമാണ്. കഴിഞ്ഞവർഷങ്ങളിൽ എൽഡിഎഫ്‌ സർക്കാർ മണ്ണെണ്ണ, സൗജന്യ റേഷൻ തുടങ്ങിയ സഹായം നൽകി മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ചിരുന്നു. ഇത്തവണ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ പോലും യുഡിഎഫ്‌ സർക്കാർ തയ്യാറായിട്ടിലെന്നും ആന്റണി പറയുന്നു. ​മാന്തൽ വല 
നിരോധിക്കണമെന്ന്‌ ആവശ്യം കിഴക്കുനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ബോട്ടുകളിലെ മാന്തൽ വല ഫൈബർ വള്ളങ്ങൾക്ക്‌ ഭീഷണിയാണെന്ന്‌ തൊഴിലാളികൾ പറയുന്നു. കടലിന്റ അടിത്തട്ട്‌ ഇളക്കി മാന്തലിനെ പിടിക്കുന്ന വലകൾമൂലം മറ്റു ചെറുവള്ളങ്ങൾക്ക് മീൻ ലഭിക്കാതെ സ്ഥിതിയാണ്. ഇത്തരത്തിൽ അനധികൃതമായി തമിഴ്നാട്ടിൽനിന്ന്‌ വരുന്ന ബോട്ടുകളെ നിയന്ത്രിക്കണമെന്നും തൊഴിലാളികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home