ad
Deshabhimani

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്

അപകടത്തിൽപ്പെട്ട സ്വകാര്യ ബസുകൾ
avatar
സ്വന്തം ലേഖകൻ

Published on Aug 31, 2026, 12:45 AM | 2 min read

കൊട്ടാരക്കര

കൊട്ടാരക്കര – ശാസ്താംകോട്ട റോഡിൽ പുത്തൂർ ചുങ്കത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പുത്തൂർ സ്വകാര്യ ആശുപത്രി, കൊട്ടാരക്കര താലൂക്കാശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഞായര്‍ പകൽ 11.20 നായിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്നും കായംകുളത്തേക്കു പോയ നിർമാല്യം ബസും ഭരണിക്കാവിൽനിന്നും കൊട്ടാരക്കരയ്ക്കു വന്ന സൊസൈറ്റി ബസുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട സൊസൈറ്റി ബസ് സമീപത്തെ കടയുടെ മതിലും ഇടിച്ചു തകർത്തു. ബസിൽ കുരുങ്ങിപ്പോയ സൊസൈറ്റി ബസ് ഡ്രൈവർ പെരുംകുളം കൊച്ചുവിള കിഴക്കതിൽ അജയകുമാറി (49)നെ വാതിൽ വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. കൊട്ടാരക്കരയിൽനിന്നും കായംകുളത്തേക്കുപോയ നിർമാല്യം ബസ് സമയംവൈകിയും അമിതവേഗത്തിലായതുമാണ് അപകടകാരണമെന്ന് അതേ ബസിലെ പരിക്കേറ്റ യാത്രക്കാർ പറഞ്ഞു. ചുങ്കത്തറയ്ക്കു സമീപം വളവിൽ അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറിക്കടക്കാനുള്ള ശ്രമം എതിരെ വന്ന സൊസൈറ്റി ബസിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പെടാതിരിക്കാൻ സൊസൈറ്റി ബസ് അരികിലേക്ക് മാറ്റിയെങ്കിലും ഡ്രൈവറിരിക്കുന്ന ഭാഗത്തേക്ക് നിർമാല്യം ബസ് ഇടിച്ചു കയറി, സൊസൈറ്റി ബസ് റോഡരികിലെ ഭിത്തിയിലേക്കും ഇടിച്ചു. അപകട സമയം അതുവഴി വന്ന കാറുകാരനാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്താൻ വൈകിയെന്നും ആരോപണമുണ്ട്. പുത്തൂർ പൊലീസ് കേസെടുത്തു. താലൂക്കാശുപത്രിയിലുള്ളവരെ കെ എൻ ബാലഗോപാൽ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ എസ് ആർ രമേശ് തുടങ്ങിയവർ സന്ദർശിച്ചു. ​പരിക്കേറ്റവര്‍ തേവലപ്പറമ്പ് ഷീജാഭവനിൽ ഓമന (64), പാങ്ങോട് വലിയവിള തെക്കേപുറത്ത് വീട്ടിൽ സുരേഷ് (54), തേവലപ്പുറം സുധീഷ് ഭവനത്തിൽ ശ്രീദേവി (54),കുന്നത്തൂർ ആതിരനിവാസിൽ ശങ്കരൻകുട്ടി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബസ് ഡ്രൈവർ അജയകുമാർ (49), മൈനാഗപള്ളി മഹീൻ ഭവനിൽ മധുസുദനൻപിള്ള (59),ഉഷാകുമാരി (49),മിഥുൻ (24), മഹീൻ (26), മാവടി അരുൺനിവാസിൽ അനീഷ് കുമാർ (36), പുലമൺ രതീഷ് ഭവനത്തിൽ രതീഷ്കുമാർ (48),കരിമ്പിൻപുഴ ലീല വിലാസത്തിൽ ഷീല (57),ആനക്കോട്ടൂർ അന്തനാട് വീട്ടിൽ ദേവരാജൻ (62), പെരുംകുളം കരോട്ടു വീട്ടിൽ രാജശേഖരൻ പിള്ള (60), ഭരണിക്കാവ് പനങ്കാട് കിഴക്കതിൽ പങ്കജ് (12), പവൻ (14),ആയൂർ ഗീതാലയത്തിൽ ലതിക (62),ആയൂർ തെക്കേവിള വീട്ടിൽ ഉഷാകുമാരി, പുത്തനമ്പലം കുഴിയംതാനത്ത് പുത്തൻ വീട്ടിൽ ബാലകൃഷ്ണപിള്ള (70), അഞ്ചൽ ചന്തമുക്ക് സ്വദേശി ജുനൈദ് (51), ശൂരനാട് സജിത്ത് ഭവനത്തിൽ സരിത, ശ്യാമള, ഓടനാവട്ടം പാലാ കരിക്കത്ത് വീട്ടിൽ മോഹനൻ (63),പുത്തൂർ അരുമകോണം അലിൻ (21), അനീഹ (15),പാങ്ങോട് പത്മവിലാസത്തതിൽ കൃഷ്ണകുമാർ (58), പത്തടി നൂറുൽ ഹുസൈൻ (20), റബിയൂൾ റഹ്മാൻ (24),കുടവട്ടൂർ പ്രസൂഹത്തിൽ വസന്തകുമാരി, തൃക്കണ്ണാപുരം ലക്ഷ്മി ഭവനത്തിൽ ശ്യാമള (38), ശ്രാവൺ (13), സൗമ്യ (12), ശബരി (എട്ട്‌), വിലങ്ങറ കലായ്കോട്ട് മേലതിൽ വത്സമ്മ (43) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റവരെ പുത്തൂർ ബഥനി, എംജിഎം ആശുപത്രികളിൽ ചികിത്സ നൽകി. അപകടത്തിൽ കുടുംബമായി സഞ്ചരിച്ചിരുന്ന മധുസൂധനൻപിള്ള, ഉഷാകുമാരി എന്നിവർക്ക് മുഖത്ത് സാരമായി പരിക്കേറ്റു. മകൻ മിഥുന്റെ ഇടതു കൈയില്‍ ഒടിവുണ്ടായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home