പേക്കണവ, ഓലക്കണവ, ഒട്ടുകണവ ഉൾക്കടലിൽനിന്ന് ബോട്ടുകൾ എത്തി

ട്രോളിങ് നിരോധനം പിൻവലിച്ച ശേഷം ശക്തികുളങ്ങര ഹാർബറിൽ മlfpമായി ബോട്ടുകൾ എത്തിയപ്പോൾ
കൊല്ലം
ട്രോളിങ് നിരോധനം നീങ്ങിയശേഷം ആഴക്കടലിൽ തങ്ങി മീൻപിടിത്തത്തിൽ ഏർപ്പെട്ട ബോട്ടുകൾ എത്തി. ഇതോടെ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങൾ വീണ്ടും സജീവമായി. ഒന്നിന് പുലർച്ചെ മീൻപിടിക്കാൻ പോയ ബോട്ടുകളാണ് കണവയും കിളിമീനും കരിക്കാടിയും കഴന്തനുമൊക്കയായി തീരം അണഞ്ഞത്. നൂറോളം വലിയ ബോട്ടുകളാണ് കര കയറിയത്. പ്രതീക്ഷയ്‌ക്കനുസരിച്ച് മീൻ കിട്ടിയില്ലെങ്കിലും 52 ദിവസത്തെ ഇടവേളയ്‌ക്കുശേഷം കിട്ടിയ മീനിന് മികച്ച വില ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായി. പേക്കണവ കിലോ 500, ഓലക്കണവ 700, ഒട്ടുകണവ 450, സൂചിക്കണവ 350–400, കഴന്തൻ 250–300, കരിക്കാടി 150 എന്നിങ്ങനെയാണ് വിറ്റുപോയത്. കഴിഞ്ഞ ദിവസം മികച്ച വില ലഭിച്ച കിളിമീന് ചൊവ്വാഴ്‌ച വില ഇടിഞ്ഞു. 35കിലോ തൂക്കമുള്ള ഒരു കുട്ട 4000– 4500നാണ് പോയത്. കഴിഞ്ഞ ദിവസം 6000രൂപ വരെയായിരുന്നു വില. തിങ്കൾ വരെ ആഭ്യന്തര മാർക്കറ്റുകളിലേക്കുള്ള വ്യാപാരികളായിരുന്നു തുറമുഖങ്ങളിൽ നിറഞ്ഞുനിന്നതെങ്കിൽ കഴിഞ്ഞ ദിവസം നിരവധി കയറ്റുമതി കന്പനിക്കാർ രംഗത്തുണ്ടായിരുന്നു. ഇതോടെ പീലിങ് ഷെഡുകളും ഉണർന്നു. എന്നാൽ, ആവശ്യത്തിനുള്ള മീൻ ലഭ്യമല്ലാത്തതിനാൽ ഭാഗികമായാണ് പീലിങ് ഷെഡുകൾ പ്രവർത്തിച്ചത്. കൂടുതൽ ബോട്ടുകൾ വരുന്നതോടെ പൂർണസമയം പ്രവർത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അനുബന്ധതൊഴിലാളികൾ. കടലിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇത് അവഗണിച്ച് മീൻപിടിത്തത്തിൽ ഏർപ്പെടുന്ന ശേഷിച്ച ബോട്ടുകൾ വെള്ളി, ശനി ദിവസങ്ങളിൽ കരയ്‌ക്കെത്തും. കണവ, ചെമ്മീൻ അടക്കമുള്ള കയറ്റുമതി മത്സ്യങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് അനുബന്ധതൊഴിലാളികളും വ്യാപാരികളും. ഹാർബറിൽ തിരക്കേറിയതോടെ കച്ചവടവും തകൃതിയായി. ഭക്ഷണശാലകൾ, സ്പെയർ പാർട്സ് കടകൾ, വലക്കട, ഐസ് വിതരണക്കാർ തുടങ്ങിയവരും ആവേശത്തിലാണ്. കടലില്‍ പോകരുത് ആഗസ്ത് എട്ടുവരെ തീരപ്രദേശത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇൗ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കലക്ടര്‍ നിർദേശിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും മീന്‍പിടിത്തത്തിന് പ്രതികൂലമാകും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ജാഗ്രതാനിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളും ജില്ലയിലെ തീരദേശവാസികളും കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.









0 comments