ഞങ്ങൾ ഇവിടെ സുരക്ഷിതർ

എം അനിൽ
Published on Jan 20, 2026, 02:01 AM | 2 min read
കൊല്ലം
‘പത്തുവർഷംകൊണ്ട് കേരളം ഒരുപാട് മാറിയില്ലേ. അതു കാണാതിരിക്കാൻ പറ്റുമോ. കോവിഡ് കാലത്തും പ്രളയകാലത്തും ഇൗ സർക്കാർ അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു. എത്ര നല്ലതുചെയ്‌താലും ചിലർ അംഗീകരിക്കില്ല. നല്ലതുചെയ്‌താൽ നല്ലതെന്നുപറയണം. രാഷ്ട്രീയം വേറെ’– കുണ്ടറ കുരീപ്പള്ളി തെക്കതിൽ വീട്ടിൽ ജമാലുദീൻ ഭവനസന്ദർശനത്തിന്റെ ഭാഗമായി വീട്ടിലെത്തിയ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശനോട് തുറന്നുപറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പലയിടത്തും എൽഡിഎഫ് തോറ്റത് പ്രവർത്തനക്കുറവും ഐക്യമില്ലായ്‌മയും കൊണ്ടാണ്. ശബരിമല വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പെരുന്പുഴ കോട്ടയ്‌ക്കകത്ത് ഡോ. ചെറിയാൻ വർഗീസ്. കോടതിയുടെ നിരീക്ഷണത്തിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും സത്യം തെളിയുമെന്നും മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുകയാണെന്നും പുത്തലത്ത് ദിനേശൻ. വികസനത്തിൽ മുന്നിലാണെങ്കിലും വൈദ്യുതി ചാർജും വെള്ളക്കരവും കൂട്ടിയത് കുറെ കൂടിപ്പോയെന്ന് റിട്ട. ജവാൻ വൈഷ്‌ണവപുരിയിൽ ഗോപകുമാർ പറഞ്ഞു. തടവുകാരുടെ വേതനം കൂട്ടിയത് സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണെന്നും ഇതിനുള്ള പണം സർക്കാരിന്റെ ഖജനാവിൽ നിന്നല്ലെന്നും പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാട്ടി. ‘സിപിഐ എം അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ചുകാണുന്നതിൽ സന്തോഷമുണ്ട്. അതുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥർക്കിടയിലും അഴിമതി കുറഞ്ഞു. നല്ല മുഖ്യമന്ത്രിയാണ്. ശബരിമല വിഷയത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ജനങ്ങൾക്ക് ബോധ്യപ്പെടും വിധം പരിഹരിക്കണം’– പത്മവിലാസത്തിൽ രാജ്‌മോഹൻ നിർദേശിച്ചു. ശബരിമല കേസ് അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിൽ ആണെന്നും അതിൽ സർക്കാർ ഇടപെടുന്നില്ലെന്നും പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് സഹായം അല്ലാതെ ഒരു ദ്രോഹവും സർക്കാരിന്റെ ഭാഗത്തുനിന്നും ഇല്ലെന്നും ഞങ്ങളിവിടെ സുരക്ഷിതരാണെന്നും പെരുന്പുഴ അസീസി അറ്റോൺമെന്റ് ആശുപത്രി ഡയറക്ടർ സിസ്റ്റർ ഏർസല പറഞ്ഞു. ‘സാന്പത്തികമായി ഇത്രയും ഞെരുങ്ങിനിന്നുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. സർക്കാരിന്റെ പ്രവർത്തനത്തിൽ നിരാശയില്ല. പക്ഷേ, എല്ലാത്തിനെയും മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയാണ്. അതിനെ പ്രതിരോധിച്ചുകൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ താഴേത്തട്ടിൽ പ്രചരിപ്പിക്കുന്നില്ല’– തൃശൂർ കേരളവർമ കോളേജ് റിട്ട. അധ്യാപകൻ പുനുക്കന്നൂർ ആലുവിളയിൽ പ്രൊഫ. രാധാകൃഷ്‌ണൻനായർ ചൂണ്ടിക്കാട്ടി. സിപിഐ എം പ്രവർത്തകർ വീടുകളുമായുള്ള ബന്ധത്തിന് ശ്രദ്ധിക്കണം. പേര് വിളിച്ചുപറയാൻ കഴിയുംവിധം ആത്മബന്ധം വേണം. മന്ത്രിമാർ പ്രസ്‌താവന നടത്തുന്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് രാധാകൃഷ്‌ണൻനായരുടെ ഭാര്യ എൻഎസ്‌എസ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഗിരിജകുമാരി നിർദേശിച്ചു. അങ്കണവാടികളിൽ ചെലവാകുന്ന തുക തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് പുനക്കന്നൂർ സെറ്റിൽമെന്റ് കോളനി സ്വദേശിയായ അങ്കണവാടി ടീച്ചർ മായക്ക് പറയാനുണ്ടായിരുന്നത്. ആശുപത്രിയും സ്‌കൂളും റോഡും മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് കശുവണ്ടിത്തൊഴിലാളി ആരിഫാബീവി ചൂണ്ടിക്കാട്ടി. സർക്കാരിന് എതിരായ വ്യാജപ്രചാരണത്തെ തടയാൻ കഴിയുന്നില്ലെന്ന ആശങ്കയാണ് സെറ്റിൽമെന്റ് കോളനിയിലെ ചുമട്ടുതൊഴിലാളിയായ താജുദീന് പറയാനുള്ളത്. സിപിഐ എം കുണ്ടറ ഏരിയ സെക്രട്ടറി ആർ സുരേഷ്‌ബാബു, ഏരിയ കമ്മിറ്റി അംഗം ബി സുജീന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ മണികണ്‌ഠൻപിള്ള, ആർ സുരേഷ്‌ബാബു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്‌ണൻ, സുജാത മോഹൻ, കെ പി രഞ്ജിനി എന്നിവരും പുത്തലത്തിനൊപ്പം ഉണ്ടായിരുന്നു.











0 comments