ad
Deshabhimani

ദേശീയപാത

അയത്തിൽ ജങ്ഷനിലെ 
നിർമാണം നിർത്തിവച്ചു

അയത്തിൽ ജനകീയ സമരസമിതി പ്രവർത്തകർ ജില്ലാ കലക്ടർ  എൻ ദേവിദാസുമായി സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Jan 03, 2026, 12:52 AM | 1 min read

കൊല്ലം

ദേശീയപാത 66 നവീകരണത്തിനിടെ ഉയരപ്പാതയുടെ ആർഇ വാൾ സ്ലാബ് ഇളകിവീണ അയത്തിൽ ജങ്ഷനിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. അയത്തിലിൽ നിന്ന് കല്ലുംതാഴത്തേക്ക് പോകാനുള്ള സർവീസ് റോഡിൽ പുതുവത്സരദിനത്തിൽ പുലർച്ചെ 1.30നായിരുന്നു സംഭവം. അയത്തിലിൽ നിന്ന് കണ്ണനല്ലൂരിലേക്ക് പോകാനുള്ള അണ്ടർപാസേജിന് മുപ്പതടി ഉയരത്തിൽ നിന്നാണ് ആർഇ വാൾ ഇളകി വീണത്. രാത്രി പാനൽ ഫിറ്റ് ചെയ്തതിനുശേഷം ജോലിക്കാർ പോയതിനു പിന്നാലെയാണ് ഇത് അടർന്നുവീണത്. സംഭവം നടക്കുമ്പോൾ റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാഴിരയ്ക്കാണ്. ​തുടർന്ന് സർവീസ് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം എം നൗഷാദ് എംഎൽഎയും ജി എസ് ജയലാൽ എംഎൽഎയും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളിയാഴ്ച അയത്തിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുകയും തുടർന്ന് കലക്ടർ എൻ ദേവിദാസും ദേശീയപാത അതോറിറ്റി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് നിർമാണം അഞ്ചുദിവസത്തേക്ക് നിർത്തിവയ്ക്കുകയായിരുന്നു. ​അയത്തിൽ ജങ്ഷൻ ഉൾപ്പെടുന്ന പ്രദേശം നാലടിയോളം താഴ്ചയിൽ ചതുപ്പു മേഖലയാണെന്നും അവിടെ ഇത്തരത്തിൽ മണ്ണിട്ട ഉയരപ്പാതകൾ അപകടകരമാണെന്നും സമരസമിതി പ്രവർത്തകർ പറയുന്നു. അഞ്ചുദിവസത്തിനു ശേഷം ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സമരസമിതി ഭാരവാഹികളും നടത്തുന്ന ചർച്ചയ്ക്ക് ശേഷം തുടർ പ്രവർത്തനനങ്ങൾ തീരുമാനിക്കുമെന്ന് ചെയർമാൻ അൻവർ ചാണക്യൻ സെക്രട്ടറി അയത്തിൽ സോമൻ, കൺവീനർ അയത്തിൽ നിസാം എന്നിവർ അറിയിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home