ad
Deshabhimani

കുണ്ടറ താലൂക്കാശുപത്രിയില്‍ 
ലഹരിസംഘത്തിന്റെ ആക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2026, 12:29 AM | 1 min read

കൊല്ലം

കുണ്ടറ താലൂക്കാശുപത്രിയില്‍ ലഹരിസംഘത്തിന്റെ ആക്രമണത്തിൽ ജീവനക്കാർക്ക്‌ പരിക്ക്‌. ഞായർ രാത്രി എട്ടോടെയാണ്‌ സംഭവം. മൂന്നുപേരാണ്‌ ചികിത്സയ്ക്കെന്ന പേരിൽ ആശുപത്രിയിലെത്തിയത്‌. ഒപിയിൽ ചീട്ടെടുക്കാൻ എത്തിയപ്പോൾ ജീവനക്കാരൻ ചില്ലറ ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ആരംഭിച്ച തർക്കമാണ്‌ ആക്രമണത്തിൽ കലാശിച്ചത്‌. ചില്ലറ ചോദിച്ചതിൽ പ്രകോപിതരായ സംഘം ബഹളംവയ്ക്കുകയും ജീവനക്കാരായ ബിനു, സജി എന്നിവരെ മർദിക്കുകയുമായിരുന്നു. തുടർന്ന്‌ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി നഴ്‌സിങ്‌ ഓഫീസർ എസ്‌ ധന്യയെ ചവിട്ടുകയുംചെയ്തു. ഗുരുതര പരിക്കേറ്റ ധന്യയെ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. ബിനുവിനും സജിക്കും മുഖത്ത്‌ പരിക്കുണ്ട്‌. ഓണാഘോഷത്തിന്റെ ഭാഗമായി ആശുപത്രിയിലിട്ടിരുന്ന പൂക്കളവും നശിപ്പിച്ചു ഭീകാരന്തരീക്ഷം സൃഷ്ടിച്ചു. മറ്റുള്ള ജീവനക്കാർ പൊലീസിനെ അറിയച്ചതിനെത്തുടർന്ന്‌ കുണ്ടറ പൊലീസെത്തി പ്രതികളെ പിടികൂടി. സംഭവത്തിൽ കർശന നടപടി വേണമെന്ന്‌ കെജിഎൻഎ ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവം തുടര്‍ക്കഥയാകുകയാണ്‌. ആശുപത്രിയിലും പരിസരത്തും സുരക്ഷാസംവിധാനങ്ങള്‍ കർശനമാക്കണം. സുരക്ഷാജീവനക്കാരുടെ സേവനം അനിവാര്യമാണ്. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന്‌ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആർ നീതു, സെക്രട്ടറി എ അനീഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home