ഡോ. അശ്വിന്‍...
മൃത്യുവിനെ കീഴടക്കിയ അമരസ്‌മരണ

എസ് അനന്തവിഷ്ണു
Published on Jan 01, 2026, 01:20 AM | 1 min read
കൊല്ലം
മരണത്തിലും ഡോക്ടറുടെ ചുമതല നിറവേറ്റി അശ്വിന്‍. നാലുപേർക്ക് പുതുജീവൻ നൽകിയാണ് ഡോ. അശ്വിൻ ഭൂമിയോട് വിടപറഞ്ഞത്. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റായിരുന്ന അശ്വിന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. കൊല്ലം ഉമയനല്ലൂര്‍ നടുവിലക്കര 'സൗപര്‍ണിക'യില്‍ റിട്ട. അധ്യാപകനായ മോഹനചന്ദ്രൻ നായരുടെയും റിട്ട സഹകരണ ബാങ്ക് സെക്രട്ടറി അമ്മിണിയമ്മയുടെയും മകനാണ് ഈ മുപ്പത്തിരണ്ടുകാരന്‍. അശ്വിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയിലും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിയിലും നേത്രപടലങ്ങള്‍ തിരുവനന്തപുരം ചൈതന്യ ഐ ഹോസ്പിറ്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേ രോഗിയിലും പ്രവര്‍ത്തിക്കും. കോട്ടയം മെഡിക്കൽ കോളേജിലെ ഓർഗൻ ട്രാൻസ്‌പ്ലാന്റ കോ ഓർഡിനേറ്റർ നീതുവിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പൊലീസിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഒരു മണിക്കൂര്‍ കൊണ്ട് അവയവങ്ങള്‍ എത്തിച്ചത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. കുടുംബാംഗങ്ങളുടെ അതീവദുഖത്തിൽ പങ്കുചേർന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന്റെ സാമൂഹിക പ്രതിബദ്ധതയിൽ നന്ദിയും പറഞ്ഞു. കഴിഞ്ഞ 19-ന് കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം നീന്താനിറങ്ങിയപ്പോൾ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. അശ്വിനെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. 27-ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം എന്‍ എസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 30ന് രാത്രി 8.30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കി. തന്റെ അവയവങ്ങള്‍ മരണാനന്തരം മറ്റൊരാള്‍ക്ക് പ്രയോജനപ്പെടണമെന്നത് ഡോ. അശ്വന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എംബിബിഎസിന് ശേഷം എൻ എസ് സഹകരണ ആശുപത്രിയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ ജോലി നോക്കിയ ശേഷമാണ് സർജറിയിൽ എംഡിക്ക് പഠിക്കുന്നതിനായി കോഴിക്കോട് കെഎംസിടിയിലേക്ക് പോയത്. സഹോദരി: അരുണിമ (യുഎഇ).










0 comments