ഇന്ന് കർഷകദിനം
കൃഷി അഷ്ടമിക്കിഷ്ടം

അഷ്ടമി തന്റെ പച്ചക്കറിത്തോട്ടത്തിൽ
സുരേഷ് വെട്ടുകാട്ട്,,
Published on Aug 17, 2026, 12:29 AM | 1 min read
കരുനാഗപ്പള്ളി
അഷ്ടമി ജെ രാജേഷിന് നേരം പുലർന്നാൽ തിരക്കോട് തിരക്കാണ്. സ്കൂളിൽ പോകുന്നതിനുമുമ്പ് പ്രിയപ്പെട്ട പശുക്കളെ പരിപാലിക്കണം. വൈകുന്നേരം തിരികെ എത്തിയാൽ ഇവർക്കുള്ള പുല്ല് ശേഖരിക്കണം. പിന്നീട് വീടിനു ചുറ്റുമുള്ള തന്റെ പ്രിയപ്പെട്ട കൃഷിത്തോട്ടത്തിലും പൂച്ചെടികൾക്കിടയിലുമാകും സമയം ചെലവിടുക. കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇഷ്ടത്തോടെ കൃഷിയിലേക്കിറങ്ങുന്നത്. അടുത്തിടെ നട്ടുവളർത്തിയ ഡ്രാഗൺ ഫ്രൂടസ് മികച്ച വിളവാണ് നൽകിയത്. ചെറിയുടെയും കമ്പിളി നാരങ്ങയുടെയും മികച്ച ശേഖരംതന്നെ വീടിനു ചുറ്റുമുണ്ട്. പച്ചക്കറിത്തോട്ടത്തിൽ പാവലും വെണ്ടയും ഇഞ്ചിയും മഞ്ഞളുമെല്ലാം വിളഞ്ഞു നിൽക്കുന്നു. ഇവയെല്ലാം മികച്ച രീതിയിൽ പരിപാലിക്കുന്നതും അഷ്ടമി തന്നെ. ആലപ്പാട് പഞ്ചായത്തിന്റെ മികച്ച വിദ്യാർഥി കർഷകയ്ക്കുള്ള പുരസ്കാരവും അഷ്ടമിക്ക് ലഭിച്ചു. തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ അഷ്ടമിക്ക് പുരസ്കാരം കൈമാറും. കൃഷിക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും മാതൃകാപരമായ ഇടപെടലാണ് ഇൗ മിടുക്കി. കഴിഞ്ഞ അധ്യയന വർഷം ‘ജെംസ് ഓഫ് സീഡ്’ പുരസ്കാരവും ശുചിത്വ മിഷൻ ഹരിത സ്കോളർഷിപ്പും തേടിയെത്തി. കൂടാതെ ആലപ്പാട് പഞ്ചായത്തിലെ ഹരിത അംബാസിഡറായും തെരഞ്ഞെടുക്കപ്പെട്ടു. പറയക്കടവ് കല്ലുമ്മൂട്ടിൽ രാജേഷിന്റെയും ജിംഷ ജ്യോതിയുടെയും മകളാണ്. അതിഥിയാണ് സഹോദരി.










0 comments