ad
Deshabhimani

നാട്ടുകാരും വിദ്യാർഥികളും ആശങ്കയിൽ

ആര്യങ്കാവ് റേഞ്ച് ഓഫീസ് പരിസരവും ദേശീയപാതയോരവും കാടുമൂടുന്നു ​

ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച്  ഓഫീസിന് മുന്നിൽ  ദേശീയപാതയോരത്ത് വളർന്നിറങ്ങിയ കാട്
വെബ് ഡെസ്ക്

Published on Sep 23, 2026, 12:33 AM | 1 min read

പുനലൂർ

ആര്യങ്കാവിലെ വനംവകുപ്പ്‌ റേഞ്ച് ഓഫീസിന് സമീപമുള്ള പൊതുവഴിയുടെയും ദേശീയപാതയുടെയും വശങ്ങളിൽ കാടും വള്ളിപ്പടർപ്പുകളും വളർന്നതോടെ പ്രദേശവാസികളും വിദ്യാർഥികളും ഭീതിയിൽ. ചേനഗിരി, ചെമ്പോട ഭാഗങ്ങളിലേക്ക് പോകുന്നത്‌ ഈ പ്രധാനപാതയിലൂടെയാണ്. സമീപത്തെ മൂന്ന് സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ഇ‍ൗ വഴി സഞ്ചരിക്കുന്നു. ​റോഡരികിൽ കാടുമൂടിയതോടെ കാട്ടുപന്നി, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങളുടെയും വിവിധതരം വിഷപ്പാമ്പുകളുടെയും ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടുപന്നിയും കുഞ്ഞുങ്ങളും റോഡിലിറങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തുടർന്ന് നാട്ടുകാരാണ്‌ ഇവയെ കാട്ടിലേക്ക് ഓടിച്ചുവിട്ടത്. പകൽ സമയങ്ങളിൽപ്പോലും കാൽനടയാത്രക്കാർക്ക് വഴിയിലൂടെ സുരക്ഷിതമായി നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സന്ധ്യ മയങ്ങുന്നതോടെ റോഡിലൂടെയുള്ള യാത്ര കൂടുതൽ അപകടകരമായി മാറുന്നു. പെട്ടെന്ന് മുന്നിലേക്ക് വന്യമൃഗങ്ങൾ ചാടിവീഴാനുള്ള സാധ്യത പ്രദേശവാസികളുടെയും വിദ്യാർഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ്‌. ​വനംവകുപ്പ് അധികൃതരാണ് റോഡരികിലെ കാട് നീക്കം ചെയ്യേണ്ടത്. എന്നാൽ, സ്വന്തം ഓഫീസിന് തൊട്ടടുത്തുള്ള വഴിയും ദേശീയപാതയോരവും ഇങ്ങനെ അപകടകരമായി കിടന്നിട്ടും അധികൃതർ അവഗണന തുടരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാട്‌ തെളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളും പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. കാട്‌ എത്രയുംവേഗം വെട്ടിത്തെളിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home