ആഘോഷത്തിരയിലാടി തീരം

കൊല്ലം
പുതുവർഷാഘോഷം തങ്കശേരി കാർണിവലിന്റെ ബീച്ച് വൈബിൽ പൊളിച്ചടുക്കി നാടും നാട്ടുകാരും. കോയസ്റ്റിൽ യങ്മെൻസോസിറ്റി അഥവാ സിവൈഎംഎസ് തങ്കശേരിയുടെ നേതൃത്വത്തിലാണ് ന്യൂ ഇയർ ബീച്ച് കാർണിവൽ സംഘടിപ്പിക്കുന്നത്. തീരദേശങ്ങളിൽ എല്ലാം സിവൈഎംഎസ് സംഘടനയും ലൈബ്രറിയും ഉണ്ടാകാറുണ്ട്. അവിടങ്ങളിലെല്ലാം പള്ളി തിരുനാളിനോ ക്രിസ്മസിനോ ആണ് കാർണിവൽ സംഘടിപ്പിക്കുന്നത്. ജില്ലയിലെ പ്രധാന തീരദേശങ്ങളിലൊന്നായ തങ്കശേരിയും ലൈറ്റ് ഹൗസും സമീപ പ്രദേശങ്ങളിലുമാണ് ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസുകാർ പ്രധാനമായും തിങ്ങിപ്പാർത്തിരുന്നത്. തങ്കശേരി കോട്ടയുടെ ഭാഗങ്ങളിൽ ഇപ്പോഴും ആ കാലഘട്ടത്തിന്റെ തിരുശേഷിപ്പുണ്ട്. ആ സംസ്കാരത്തിന്റെ കൂടി ഭാഗമായിട്ടാണ് ന്യൂ ഇയർ ആഘോഷം. മത്സ്യത്തൊഴിലാളികൾ നേതൃത്വം നൽകുന്ന സംഘടനയിൽ ആ നാട്ടിലെ മുഴുവൻ ജനങ്ങളും അംഗങ്ങളാണ്. 78 വർഷമായി തങ്കശേരിയിൽ ന്യൂ ഇയർ കാർണിവൽ സംഘടിപ്പിക്കുന്നു. രാത്രി 12ന് തങ്കശേരി ബസ് ടെർമിനലിന് സമീപത്തെ ഗ്രൗണ്ടിൽ അടയ്‌ക്കാമരം ഉയർത്താറുണ്ട്. ഓരോ വർഷവും വർധിച്ചുവരുന്ന ജനങ്ങളുടെ എണ്ണം കണക്കിലെടുത്ത് രണ്ടുതവണയായി രാത്രി 8.30നാണ് ഔദ്യോഗികമായി ബീച്ച് കാർണിവൽ തുടങ്ങിയത്. ആ സമയത്ത് പ്രദേശവാസികൾ മാത്രമാണ് പങ്കെടുക്കുന്നത്. ഒരു ലക്ഷത്തോളം ആളുകളാണ് പുതുവർഷത്തോട് അനുബന്ധിച്ച് തങ്കശേരിയിൽ വർഷാവസാനം എത്തിച്ചേരുന്നത്. ഒന്നിനു രാവിലെ വികാരി പതാക ഉയർത്തുന്നതോടൊപ്പം കലാകായിക മത്സരങ്ങൾ തുടങ്ങും. മത്സ്യത്തൊഴിലാളികളുടെ നീന്തൽ മത്സരം, വള്ളംവലി മത്സരം, സൈക്കിൾ സ്ലോ റൈസ്, ഓട്ടമത്സരം തുടങ്ങിയവ അരങ്ങേറും. പുതുവർഷത്തിൽ വൈകിട്ട് നാലുമുതൽ ഘോഷയാത്ര. യുവജന കൂട്ടായ്മകളും ക്ലബ്ബുകളും പരസ്പരം സൗഹൃദമത്സരത്തോടെ മേളങ്ങളും കെട്ടുകാഴ്ചകളുമായി അണിനിരക്കും. വിദേശികൾ ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്ര കാണാനെത്തി. രണ്ടിന് സ്റ്റേജ് പ്രോഗ്രാമോടുകൂടി കാർണിവൽ സമാപിക്കും. നാട്ടിലെ എല്ലാ ജനങ്ങളും ആഘോഷത്തിൽ പങ്കുചേരും. മത്സ്യത്തൊഴിലാളികളുടെയും തൊഴിലാളി സംഘടനകളുടെയും അധ്വാനത്തിന്റെ ഒരു വിഹിതവും തങ്കശേരിയിൽനിന്ന് വിദേശത്തുപോയ ആളുകളുടെയും പൊതുജനങ്ങളുടെയും ഒക്കെ സഹായത്തോടുകൂടിയാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. മത്സ്യത്തൊഴിലാളിയായ മൈക്കൽ ആന്റണി പ്രസിഡന്റും അധ്യാപകനായ ജസ്റ്റിൻ അൽഫോൺസ് സെക്രട്ടറിയുമായ സംഘടനയ്‌ക്ക് ജാക്സൻ ഫ്രാൻസിസ്, ഫ്രാൻസിസ് ജോസഫ്, എ ബെർണാഡിൻ, ജോബിൻ ഏലിയാസ്, കാസ്ട്രോ ജോസഫ്, എ ഗ്രഡിസൻ, ജെറിൻ പീറ്റർ എന്നിവരാണ് നേതൃത്വം നൽകുന്നത്. പുതുവർഷാഘോഷം എന്നതിലുപരി മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും വർണക്കാഴ്ചയാണ് തങ്കശേരി കാർണിവൽ.










0 comments