ad
Deshabhimani

അതിർത്തി കാക്കും രക്ഷാപ്രവർത്തനം നടത്തും

ആദർശിന്റെ റോബോട്ട്‌ നാടിനെ സേവിക്കും

 ആർ എസ്‌ ആദർശ്‌ മൾട്ടി ടെറൈൻ റോബോട്ടിനൊപ്പം

ആർ എസ്‌ ആദർശ്‌ മൾട്ടി ടെറൈൻ റോബോട്ടിനൊപ്പം

avatar
സ്വന്തം ലേഖകൻ

Published on Jul 25, 2026, 01:06 AM | 1 min read

കൊല്ലം

അതിർത്തി കാക്കാനും ദുരന്തമുഖത്ത്‌ രക്ഷാപ്രവർത്തനം നടത്താനും റോബോട്ടിക്‌ സാങ്കേതികവിദ്യ പരിചയപ്പെടുത്തി കൊല്ലം സ്വദേശി ആദർശ്‌. നടക്കാനും നീന്താനും പറക്കാനും ക‍ഴിയുന്ന മൾട്ടി ടെറൈൻ റോബോട്ടാണ്‌ ഡോ. ആർ എസ്‌ ആദർശ് വികസിപ്പിച്ചെടുത്തത്‌. വിശദ പരിശോധനകൾക്കുള്ള ഇന്ത്യൻ പേറ്റന്റും ഗവേഷണത്തിന്‌ ലഭിച്ചു. കൊല്ലം ആസ്ഥാനമായുള്ള ടോബോയിഡ്സ് ഓട്ടോമാറ്റ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ആദർശ് 2017 മുതൽ റോബോട്ടിക്സ് ഗവേഷണ, വികസനരംഗത്ത് സജീവമാണ്. പ്രതിരോധ സാങ്കേതികവിദ്യയിലെ സംഭാവനകൾക്ക് എ പി ജെ അബ്ദുൾകലാം മെമ്മോറിയൽ "ഡെയർ ടു ഡ്രീം' അവാർഡ് നേടിയിട്ടുണ്ട്‌. ഐഐടി പൂർവവിദ്യാർഥിയാണ്‌. 2019ലാണ്‌ രണ്ട് മൾട്ടി ടെറൈൻ മൾട്ടി യൂട്ടിലിറ്റി റോബോട്ട്‌ വികസിപ്പിക്കുന്നത്‌. രണ്ടുകിലോ ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ കഴിയുന്നവയാണ്‌ റോബോട്ടുകൾ. യുദ്ധമുഖങ്ങളിൽ നിരീക്ഷണത്തിനും ചെറിയ ആയുധങ്ങൾ പ്രയോഗിക്കാനും ഉപയോഗിക്കാം. ഇതിനുപുറമേ മനുഷ്യന് കടന്നുചെല്ലാൻ കഴിയാത്ത പ്രകൃതി ദുരന്ത സ്ഥലങ്ങളിൽ തിരച്ചിലിനും ഉപയോഗിക്കാം. ജലോപരിതലത്തിലൂടെ സഞ്ചരിക്കുന്നതിനു പുറമേ ശക്തമായ ഒഴുക്കില്ലാത്ത ജലാശയങ്ങൾക്കുള്ളിലൂടെ സഞ്ചരിക്കുന്ന റോബോട്ട് സമുദ്രഗവേഷണത്തിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. സെക്കൻഡിൽ ഒരുമീറ്റർ വേഗത്തിൽ നടക്കാനും റോബോട്ടിന്‌ സാധിക്കും. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ കൂടുതൽ ഭാരവും സൂക്ഷ്മതയും ആവശ്യമായ ആയുധങ്ങൾ വഹിക്കുന്ന തരത്തിലുള്ള പുതിയ പതിപ്പിന്റെ പണിപ്പുരയിലാണ്‌ ആദർശ്‌ ഇപ്പോൾ. ഗവേഷണം വിജയിച്ചാൽ അതിർത്തികളിൽ പട്രോളിങിനും യുദ്ധത്തിനും റോബേട്ടുകളെ നിയോഗിച്ച് ആൾനാശവും കുറയ്ക്കാം. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ രണ്ട് എംടെക് ബിരുദങ്ങൾ ഉൾപ്പെടെ നാല് മാസ്റ്റേഴ്സ് ബിരുദം ആദർശ്‌ നേടിയിട്ടുണ്ട്. ഓരോ ഭൂപ്രദേശത്തിനും അനുയോജ്യമായ തരത്തിൽ പല റോബോട്ടുകൾ നിർമിക്കുന്നതിനുപകരം ഒറ്റ റോബോട്ട്‌ എന്ന ആശയത്തിൽനിന്നാണ്‌ മൾട്ടി ടെറൈൻ റോബോട്ട്‌ നിർമിച്ചതെന്ന്‌ ആദർശ്‌ പറഞ്ഞു. വിപണിയിൽ ആറുലക്ഷം രൂപ റോബോട്ടിന്‌ വിലയുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ. മുണ്ടയ്ക്കൽ കുന്നടി ശ്രീരാഗത്തിൽ എസ് ബി സജീവിന്റെയും എൻ ആർ റീനയുടെയും മകനാണ്. ഭാര്യ ഡോ. അശ്വിനി പ്രകാശ്. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home