വിജയമുറപ്പിച്ച വികസനഗാഥ

ഇരവിപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം നൗഷാദിനൊപ്പം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിച്ച മോണിങ് വാക്ക്
എസ് അനന്തവിഷ്ണു
Published on Apr 01, 2026, 12:52 AM | 2 min read
കൊല്ലം
നഗരത്തിനുള്ളിലെ തീരദേശ മണ്ഡലം. മത്സ്യത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും സാധാരണക്കാരുടെയും മണ്ണ്. അതാണ് ഇരവിപുരം. മനുഷ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും തൊട്ടറിഞ്ഞ ജനക്ഷേമ വികസനമാണ് ഇരവിപുരത്തിന് പറയാനുള്ളത്. ഇരവിപുരം മേൽപ്പാലം, ഞാങ്കടവ് കുടിവെള്ള പദ്ധതി, കൊല്ലം വീ പാർക്ക്, തീരദേശ പുലിമുട്ട് നിർമാണം, ലോകൊത്തര നിലവാരത്തിൽ നിർമിച്ച പാലത്തറ, ഇരവിപുരം ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഹൈടെക് സ്‌കൂളുകളെ തോൽപ്പിക്കുന്ന തരത്തിലുള്ള മണ്ഡലത്തിലെ എല്ലാ സ്‌കൂളും പുതുജീവൻ വച്ചു ഉയർത്തെഴുന്നേറ്റ മീറ്റർ കമ്പനി തുടങ്ങി എണ്ണിയാൽ തീരാത്ത വികസനമാണ് എൽഡിഎഫ് ജനങ്ങളുടെ മുന്നിലേക്കെത്തിച്ചത്. 10വർഷമായി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എം നൗഷാദ് മൂന്നാം തവണ ജനവിധി തേടുന്നത്.
1984ൽ ഫാത്തിമ മാതാ കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയായി സംഘടനാ രംഗത്തേക്ക് എത്തിയ എം നൗഷാദ് 1987ൽ യൂണിയൻ വൈസ് ചെയർമാനായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും കൊല്ലം ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1995 -–2000 വടക്കേവിള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2005ൽ മണക്കാട് ഡിവിഷനിൽനിന്ന് 1834 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് നഗരസഭയിലെത്തി. 2005, -2010, 2010 -2014 കാലയളവിൽ കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍. 2014, -2015 കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയറായി. 2015 നവംബർ മുതൽ 2016മെയ് വരെ വീണ്ടും കൊല്ലം കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍. നിലവില്‍ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം. 2016ൽ 28, 803 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇരവിപുരത്തുനിന്ന് നിയമസഭാ അംഗമായി. 2021ൽ 28,121 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു.
നിലവിൽ ആർഎസ്‍പി യുവജന വിഭാഗമായ ആർവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായ അഡ്വ. വിഷ്ണുമോഹനാണ് യുഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥി തർക്കത്തെ തുടർന്ന് ആർഎസ്‍പി വിട്ടു എൻഡിഎയിലേക്ക് പോയ സജി ഡി ആനന്താണ് എൻഡിഎ സ്ഥാനാർഥി.
പത്തുവർഷംകൊണ്ട് 1990കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുമതി വാങ്ങുകയും അതിൽ 90ശതമാനം പദ്ധതികളും പൂർത്തീകരിക്കുകയും ചെയ്ത എം നൗഷാദ് അല്ലാതെ മറ്റാര് എന്ന ചോദ്യമാണ് മണ്ഡലത്തിൽ ഉടനീളം.










0 comments