വാഗ്‌ദാനങ്ങൾ നിറവേറ്റി മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു

കൊട്ടാരക്കര ബൈപാസിന്റെ രൂപരേഖ
ജി രംഗനാഥൻ
Published on Jan 15, 2026, 12:45 AM | 2 min read
കൊട്ടാരക്കര
കൊട്ടാരക്കരയുടെ എംഎല്‍എയായി 2021 ല്‍ തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ കെ എന്‍ ബാലഗോപാല്‍ ജനങ്ങള്‍ക്കു നല്‍കിയ ഒന്നാമത്തെ വാഗ്ദാനം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കും എന്നതായിരുന്നു. നഗരത്തിന് നടുവിലൂടെ മേല്‍പ്പാലം നഗരവാസികളില്‍ ഒരു വിഭാഗം മുന്നോട്ടുവച്ചു. എന്നാല്‍, അത് നഗരത്തിനെ ശ്വാസംമുട്ടിക്കുമെന്നും മേല്‍പ്പാലത്തിന് താഴെയുള്ള കച്ചവടവും ഗതാഗതവും തകരാറിലാക്കുമെന്നും പൊതു അഭിപ്രായം ഉയര്‍ന്നു. വിദഗ്ധാഭിപ്രായത്തെ തുടർന്ന് മേല്‍പ്പാല നിര്‍ദേശം ഒഴിവാക്കി. തുടർന്ന് 2022ലാണ് ബൈപാസ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്. കിഫ്ബി വഴി ആദ്യഘട്ടം 110 കോടി രൂപ അനുവദിച്ചു. എംസി റോഡില്‍ ലോവര്‍ കരിക്കത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച് പുലമണില്‍ ദേശീയപാതയ്ക്കു കുറുകെ മേല്‍പ്പാതയായി എത്തി ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിന് സമീപം എംസി റോഡില്‍ ചേരും. നാലുവരി പാതയായാണ് നിർദിഷ്‌ട ബൈപാസ്. ബൈപാസിന്റെ ആകെ നീളം 2.8 കിലോമീറ്ററാണ്. 1.6 കി.മീറ്റർ റോഡും 1.2 കി.മീറ്റർ ഫ്ലൈ ഓവറുമാണ്. റോഡ് 23ഉം ഫ്ലൈഓവർ 20ഉം മീറ്ററാണ് വീതി. കെആര്‍എഫ്ബി കലക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്പെഷ്യല്‍ തഹസില്‍ദാറിനെ ചുമതലപ്പെടുത്തി. സാമൂഹ്യാഘാത പഠനം നടത്തിയ കളമശേരി രാജഗിരി ഔട്ട് റീച്ച് 2025 മെയ് 18ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദഗ്‌ധസമിതി റിപ്പോര്‍ട്ട് പരിശോധിച്ച് അംഗീകാരം നൽകി. തുടർന്ന് ഭൂമിയേറ്റെടുക്കുന്നതിനായി വിജ്ഞാപനമായി. ഭൂമി സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ കേട്ട് ഭൂമിയേറ്റെടുക്കല്‍ അന്തിമമാക്കുന്നതിന് 60 ദിവസത്തെ സമയം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനുശേഷം ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെയും കാര്‍ഷികവിളകളുടെയും മരങ്ങളുടെയും വിലനിര്‍ണയം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഏറ്റെടുക്കുന്ന ഓരോ ഭൂമിയുടെയും വില ബിവിആര്‍ (ബേസിസ് വാല്യു റിപ്പോര്‍ട്ട്) ആയി പ്രസിദ്ധീകരിക്കും. ബൈപാസിനുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയില്‍നിന്നും പൂര്‍ണമായി മാറിപ്പോകേണ്ടിവരുന്നവര്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രത്യേക പുനരധിവാസ പാക്കേജ് നല്‍കും. 2026 മാര്‍ച്ചില്‍ തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 –ഓടെ കൊട്ടാരക്കര ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ കഴിയും. പദ്ധതിയ്ക്ക് കിഫ്ബി അംഗീകാരം നല്‍കി മൂന്നുവര്‍ഷത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടിവരെ എത്തുവാന്‍ സാധിച്ചു. ഭൂമി പൂര്‍ണമായും ഏറ്റെടുത്താല്‍ ഒരുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
കൊട്ടാരക്കര ബൈപാസ് യാഥാർഥ്യത്തിലേക്ക്
കൊട്ടാരക്കര
കൊട്ടാരക്കര ബൈപാസ് നിര്‍മാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങി. കൊട്ടാരക്കര നിവാസികളുടെയും കൊട്ടാരക്കര വഴി കടുന്നുപോകുന്ന പതിനായിരക്കണക്കിന് ആളുകളുടെയും യാത്രാദുരിതത്തിന് പരിഹാരമാകുന്ന സുപ്രധാന പദ്ധതി നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ബൈപാസിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. ഇതോടെ ബൈപാസിനായുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പതിറ്റാണ്ടുകളായി ഗതാഗതക്കുരുക്കിൽ വലയുന്ന കൊട്ടാരക്കര നഗരത്തിന് വലിയ ആശ്വാസമായി ബൈപാസ് മാറും. കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 6.2432 ഹെക്ടര്‍ (15.5 ഏക്കര്‍) സ്ഥലമാണ് ഏറ്റെടുക്കുന്നത്. വിജ്ഞാപനം പുറത്തുവന്നതോടെ സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഭാഗമായ ഭൂമി വില നിര്‍ണയം, പുനരധിവാസം തുടങ്ങിയ നടപടികളിലേക്ക് ഉടന്‍ കടക്കാനാകും.








0 comments