സജീവം 11,562 കുടുംബശ്രീ സംരംഭം

സ്വന്തം ലേഖിക
Published on Sep 03, 2026, 12:59 AM | 1 min read
കൊല്ലം
ജില്ലയിൽ 11,562 കുടുംബശ്രീ സംരംഭങ്ങൾ സജീവം. 3926 എണ്ണം പ്രവർത്തനരഹിതം. കുടുംബശ്രീ സംരംഭങ്ങൾക്ക് പുതുജീവൻ പകരാൻ നടത്തിയ ‘പുനർജ്വാല’ ക്യാമ്പയിന്റെ ഭാഗമായുള്ള അവസ്ഥാപഠന സർവേയിലാണ് കണ്ടെത്തൽ. ആവശ്യമായ പിന്തുണയും സഹായവും ലഭിച്ചാൽ പ്രവർത്തനരഹിതമായ സംരംഭങ്ങളിൽ 794 എണ്ണത്തിന് വീണ്ടും പ്രവർത്തനം തുടരാൻ താൽപ്പര്യം. ഉൽപ്പാദനം, സേവനം, വ്യാപാരം എന്നീ മേഖലകളിലായി 15,740സംരംഭങ്ങളാണ് ജില്ലയിലെ വിവിധ സിഡിഎസുകളിലായി പ്രവർത്തിക്കുന്നത്. അഞ്ച് വർഷത്തിലധികമായി പ്രവർത്തനരഹിതമായ 57 സംരംഭങ്ങളും അഞ്ചുവർഷത്തിൽ താഴെ പ്രവർത്തനരഹിതമായ 208 സംരംഭങ്ങളും ഉണ്ട്. മൈക്രോ എന്റർപ്രൈസസ് വികസന മേഖലയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാനും നിലവിലുള്ള സംരംഭങ്ങൾക്ക് പുതുജീവൻ നൽകാനും വളർച്ചാശേഷിയുള്ള സംരംഭങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്താനുമുള്ള നിർണായക ഇടപെടലാണ് ‘പുനർജ്വാല’ യിലൂടെ ലക്ഷ്യമിടുന്നത്. ഫ്ലാഗ്ഷിപ്പ് സംരംഭങ്ങൾക്ക് പ്രൊഫഷണൽ പിന്തുണ, പുതിയ വളർച്ചാധിഷ്ഠിത മൈക്രോ സംരംഭങ്ങളുടെ രൂപീകരണം, എന്റർപ്രൈസസ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തൽ, ധനകാര്യം–വിപണനം–സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പിന്തുണാ സംവിധാനങ്ങളുടെ ഏകീകരണം, ഡാറ്റാധിഷ്ഠിത മോണിറ്ററിങ് എന്നിവയും ലക്ഷ്യമാണ്. ഇരുപത്തേഴ് വർഷത്തെ പ്രവർത്തനാനുഭവത്തിന്റെ കരുത്തിലാണ് ഉപജീവനതലത്തിലുള്ള പരിമിത പ്രവർത്തനങ്ങളിൽനിന്ന് കൂടുതൽ വരുമാനദായകമായ ബിസിനസ് മാതൃകകളിലേക്ക് സംരംഭങ്ങളെ ഉയർത്താൻ കുടുംബശ്രീ ജില്ലാ മിഷൻ സമഗ്ര ക്യാമ്പയിൻ നടത്തുന്നത്. ജില്ലയിൽ ജൂലൈ 13 മുതലാണ് അവസ്ഥാപഠന പ്രവർത്തനം ആരംഭിച്ചത്. ആവശ്യമായ ഇടപെടലുകളിലൂടെ പ്രവർത്തനസാധ്യതയുള്ള സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ആക്‌ഷൻ പ്ലാൻ രൂപീകരിച്ച് നടപ്പാക്കും.










0 comments