വിസ്‌മയങ്ങൾ വിരിഞ്ഞില്ല അവഗണന മാത്രം

യുഡിഎഫ് സർക്കാരിന്റെ ബജറ്റിനെതിരെ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ ഉദ്ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
Published on Jun 20, 2026, 01:04 AM | 2 min read
കൊല്ലം
വിസ്‌മയങ്ങൾ വരുമെന്ന് വാതോരാതെ വിളമ്പിയ വി ഡി സതീശൻ സർക്കാരിന്റെ ആദ്യബജറ്റിൽ പരന്പരാഗത വ്യവസായങ്ങളുടെ ഇൗറ്റില്ലമായ കൊല്ലത്തിന് കടുത്ത അവഗണന. പുതുയുഗയാത്രയിലും തെരെഞ്ഞടുപ്പ് പ്രകടനപത്രികയിലും വമ്പൻ വാഗ്‌ദാനങ്ങൾ നിരത്തി പ്രവർത്തകർക്ക് ഉൗർജം പകർന്ന മുൻ പ്രതിപക്ഷനേതാവ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായശേഷം ആദ്യം അവതരിപ്പിച്ച ബജറ്റിൽ ജില്ലയുടെ വികസനപ്രതീക്ഷകളുടെ നിറംകെടുത്തി. എൽഡിഎഫ് സർക്കാർ നവകേരളത്തിനായി വിഭാവനം ചെയ്‌ത പല പദ്ധതികൾക്കും ബജറ്റിൽ തുടർച്ചയില്ല. മാത്രമല്ല, ഇന്ത്യയിൽ എറ്റവുമധികം അപൂർവധാതുസമ്പത്തുള്ള ചവറയിലെ കരിമണൽ കുറുക്കുവഴിയിലുടെ സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാനുള്ള ഒൗദ്യോഗിക പ്രഖ്യാപനം കൂടിയായി ബജറ്റിനെ മാറ്റി. പൊതുമേഖലാസ്ഥാപനങ്ങളുടെ മുഖ്യപങ്കാളിത്തത്തോടെ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത് ബജറ്റിൽ പ്രഖ്യാപിക്കുകയും കൺസോർഷ്യം രൂപീകരിച്ച് നടപടി ആരംഭിക്കുകയും ചെയ്‌ത സ്വപ്‌ന പദ്ധതിയാണ് റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ. യുഡിഎഫ് ഇപ്പോൾ മൂന്നുജില്ലകളെ ബന്ധിപ്പിച്ച് സ്വപ്‌ന പദ്ധതിയായി പേരുമാറ്റി പറയുന്ന കോറിഡോറിലെ പ്രധാന വ്യത്യാസം സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും വർധിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനമാണ്. എൽഡിഎഫ് സർക്കാർ കഴിഞ്ഞ ബജറ്റിൽ കോറിഡോർ പ്രഖ്യാപിച്ച ശേഷമാണ് കേന്ദ്രബജറ്റിൽ നാല് സംസ്ഥാനങ്ങളുമായി ബന്ധിപ്പിച്ച് കോറിഡോർ പ്രഖ്യാപിച്ചത്. അപൂർവധാതുസമ്പത്തിൽ കണ്ണുവയ്‌ക്കുന്ന കോർപറേറ്റുകളുടെ കടന്നുവരവ് എളുപ്പമാക്കുന്ന പഴുതുകൾ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ഇൗ കോറിഡോറിലാണ് യുഡിഎഫും ഇപ്പോൾ ചുവടുറപ്പിക്കുന്നതെന്ന് ബജറ്റ് വ്യക്തമാക്കുന്നു. സന്പന്നർക്കും കോർപറേറ്റുകൾക്കും മാത്രമായി നാടിന്റെ താൽപ്പര്യങ്ങൾ മാറ്റപ്പെടുന്നു. ബഹുഭൂരിപക്ഷം ജനങ്ങളെയും പുറന്തള്ളുന്നതാണ് തങ്ങളുടെ അജൻഡയെന്ന് യുഡിഎഫ് തെളിയിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ അവസാന ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് മാത്രം 96കോടി രൂപ മാറ്റിവച്ചപ്പോൾ 56കോടി മാത്രമാണ് പുതിയ ബജറ്റിലുള്ളത്. കയർ, മീൻപിടിത്തം, കൈത്തറി തുടങ്ങിയ മേഖലകൾക്കും നാമമാത്രമായ വിഹിതം. തോട്ടം മേഖലയെ പുർണമായി അവഗണിച്ചു. കിഴക്കൻ മേഖലയിലെ വന്യമൃഗശല്യത്തിന് ഒരു പരിഹാരവുമില്ല. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്കുള്ള 100കോടിയുടെ ഇൻകം സപ്പോർട്ട് പദ്ധതി, കരകൗശല കൈത്തറി മേഖലയ്ക്കുള്ള പ്രത്യേക പാക്കേജ്, ജില്ലയിലെ ജൈവടൂറിസം സർക്യൂട്ട്, കൊട്ടാരക്കര പുലമൺ ബൈപാസ്, വിഴിഞ്ഞം– കൊല്ലം– പുനലൂർ ഇടനാഴി അടക്കമുള്ള പ്രത്യേക കൊല്ലം പാക്കേജുകൾ എന്നിവയ്‌ക്ക് തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷ വെറുതെയായി. പാരിപ്പള്ളി മെഡിക്കൽ കോളേജ് കൂടുതൽ സൗകര്യങ്ങളുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്ന വാഗ്‌ദാനം പാലിച്ചില്ല. തീർഥാടകടൂറിസം പദ്ധതിയിൽ ഓച്ചിറയും അമൃതാനന്ദമയി മഠവും ഉൾപ്പെടുമെന്നല്ലാതെ ജില്ലയുടെ ടൂറിസം വികസനത്തിന് പുതുതായി ഒരു പദ്ധതിയുമില്ല . അഷ്ടമുടി ടൂറിസത്തിന് പ്രാധാന്യം നൽകുമെന്ന ഒറ്റ വാക്കിൽ ടൂറിസം വികസനം ഒതുക്കി.
കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും പരിഗണിച്ചില്ല
കൊല്ലം
കശുവണ്ടി വ്യവസായം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വ്യവസായത്തെയും തൊഴിലാളികളെയും പാടെ അവഗണിക്കുന്ന നിലപാടാണ് യുഡിഎഫ് കന്നി ബജറ്റിലൂടെ പ്രകടമാക്കിയതെന്ന് കേരള കാഷ്യൂ വർക്കേഴ്സ് സെന്റർ പ്രസ്താവനയിൽ പറഞ്ഞു. മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ബജറ്റിൽ 96കോടി രൂപ കാഷ്യൂ ബോർഡ് വഴി തോട്ടണ്ടി സംഭരിക്കാനും പൊതുമേഖലയുടെ സംരക്ഷണത്തിനും സ്വകാര്യമേഖലയുടെ പുനരുദ്ധാരണത്തിനും കശുമാവ് കൃഷി വികസനത്തിനുംവേണ്ടി നീക്കിവച്ചിരുന്നു. ഇപ്പോൾ 56കോടി രൂപ മാത്രമാണ് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. പെൻഷൻ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടില്ല. വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ കശുവണ്ടിത്തൊഴിലാളികളെ വഞ്ചിച്ചു. പരമ്പരാഗത വ്യവസായങ്ങളെ ഒട്ടാകെ അവഗണിക്കുന്ന നിലപാടാണ് ബജറ്റിലുള്ളത്. പാവപ്പെട്ട തൊഴിലാളികളോടുള്ള അവഗണനയിൽ കാഷ്യൂ വർക്കേഴ്സ് സെന്റർ (സിഐടിയു) പ്രതിഷേധിച്ചു. കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് കെ രാജഗോപാൽ, ജനറൽ സെക്രട്ടറി ബി തുളസീധരക്കുറുപ്പ് എന്നിവർ ആവശ്യപ്പെട്ടു.









0 comments