ബിസിഎം കോളേജ് സ്വയംഭരണ പദവിയിൽ

കോട്ടയം ബിസിഎം കോളേജ്
കോട്ടയം
ബിസിഎം കോളേജിന് യുജിസി അനുവദിച്ച ഓട്ടോണമസ് പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കോളേജ് പേട്രണുമായ മാർ മാത്യു മൂലക്കാട്ട് നടത്തി. കോളേജിന്റെ ഉന്നത അക്കാദമിക് നിലവാരം, യൂണിവേഴ്‌സിറ്റി റാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, കലാ-കായിക രംഗത്തെ മികവ് എന്നിവ പരിഗണിച്ചാണ് സ്വയംഭരണ പദവി നൽകിയത്. കോട്ടയം അതിരൂപതാ മാനേജ്‌മെന്റിന് കീഴിൽ 1955-ൽ സ്ഥാപിതമായ ബിഷപ്പ് ചൂളപ്പറമ്പിൽ മെമോറിയൽ കോളേജ് നാക്ക് അക്രഡിറ്റേഷനിൽ എ+ ഗ്രേഡ് നേടിയിട്ടുണ്ട്. കിർഫ് റാങ്കിങ്ങിൽ വനിതാ കോളേജുകളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും എംജി യൂണിവേഴ്‌സിറ്റിയിൽ രണ്ടാം സ്ഥാനവുമാണുള്ളത്. ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാർഥികളുടെ സമഗ്ര വികസനത്തിന് പ്രവർത്തിക്കുന്ന ക്ലബ്ബുകൾ, വിവിധ എക്‌സ്‌റ്റൻഷൻ പ്രവർത്തനങ്ങൾ എന്നിവ ഉയർന്ന റേറ്റിങ്ങിന് സഹായിച്ചിട്ടുണ്ട്. ഐഎഎസ് അക്കാദമിയുമായി സഹകരിച്ച് വനിതകൾക്കായി മാത്രം സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റെസിഡൻഷ്യൽ സിവിൽ സർവീസ് അക്കാദമി, പിഎസ്‌സി, എസ്എസ്‌സി, ബാങ്ക് റെസിഡൻഷ്യൽ കോച്ചിങ്, ഡിഫൻസ് സർവീസിലേക്ക് പെൺകുട്ടികളെ എത്തിക്കാൻ ബിസിഎം അക്കാദമി ഫോർ ഡിഫൻസ് ആസ്പിരന്റ്സ്, പ്രൊഫഷണൽ കോഴ്‌സുകളുടെ പരിശീലനം, സ്‌പോർട്‌സിൽ കുട്ടികളെ മികവുറ്റതാക്കാൻ അക്കാദമിക് തലത്തിൽ കബഡി അക്കാദമി, സാങ്കേതികവിദ്യ നൂതന സംയോജിപ്പിച്ചുകൊണ്ട് റോബോട്ടിക്‌സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമുകൾ, വിദേശ ഭാഷകൾ പഠിക്കാൻ സെന്റർ ഫോർ ഫോറിൻ ലാംഗ്വേജസ് തുടങ്ങിയവയും ബിസിഎമ്മിന്റെ സവിശേഷതകളാണ്. അഡ്‌മിഷനടക്കം കോളേജ് സംബന്ധമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന കോളേജ് വെബ്സൈറ്റ് ഫാ. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ കെ വി തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര എന്നിവർ സംസാരിച്ചു.









0 comments