എല്ലാം ഇല്ലാതാക്കുമോ?

കോട്ടയം
യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് മാസമാകുന്നു. ഇതിനകം ജനക്ഷേമകരമായ ഒട്ടനവധി പ്രവർത്തനങ്ങൾക്കുമേൽ കടുംവെട്ട്. ലൈഫ് പദ്ധതിയും സ്ത്രീ സുരക്ഷാ പദ്ധതികളും അട്ടിമറിച്ചതിന് പിന്നാലെ സാധാരണക്കാരുടെ ജീവനാഡിയായ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനിലും സർക്കാരിന്റെ കൈകടത്തൽ. ഇനി പെൻഷൻ തുക വീട്ടിലേക്ക് എത്തിക്കില്ല. പെൻഷൻ വിതരണത്തിൽനിന്ന് സർക്കാർ സഹകരണ ബാങ്കുകളെ പൂർണമായി ഒഴിവാക്കി. പുതിയ ഉത്തരവ് ഗ്രാമീണ മേഖലകളിലുൾപ്പെടെയുള്ള വയോജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് തീർച്ച. അവശരായ മനുഷ്യരുടെ വീട്ടുപടിക്കൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നേരിട്ടെത്തി പെൻഷൻ തുക നൽകിയിരുന്ന മാതൃകാപരമായ സംവിധാനമാണ് ഒറ്റയടിക്ക് അട്ടിമറിച്ചത്. ഒരു മാസം പെൻഷൻ വൈകിയാൽ പോലും നേരിട്ട് അന്വേഷിക്കാനും പരിഹാരം കാണാനുമുള്ള ആശ്വാസം ഇതോടെ ഇല്ലാതാകും. ഇനിമുതൽ ‘ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ'(ഡിബിടി) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാകും പെൻഷൻ ലഭ്യമാക്കുക. ഇതിനുപുറമെ, പെൻഷൻ വീടുകളിലെത്തിക്കാൻ സഹകരണ ബാങ്കുകൾ നിയോഗിച്ചിരുന്ന ജില്ലയിലെ നൂറുകണക്കിന് കലക്ഷൻ ഏജന്റുമാരുടെ ഉപജീവനമാർഗവും അടയും. വർഷങ്ങളായി മുടങ്ങാതെ ലഭിച്ചിരുന്ന തുകയ്ക്കായി ഇനി ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്നതിലെ ആശങ്കയിലാണ് ഗുണഭോക്താക്കൾ.










0 comments