ശുചീകരണം ഇങ്ങനെ പോരാ

കോട്ടയം
മഴക്കാലം അടുത്തു; വേനൽമഴയും കിട്ടുന്നുണ്ട്. എന്നാൽ ശുചീകരണപ്രവർത്തനങ്ങൾ വേണ്ടവിധം മുന്നോട്ടുനീങ്ങുന്നില്ല. ശുചീകരണ ബോധവൽക്കരണം, മുൻകരുതൽ നടപടികൾ എന്നിവ സ്വീകരിക്കേണ്ട സമയമാണിത്. മാലിന്യം ഏറ്റവുമധികമുള്ള ഹോട്‌സ്‌പോട്ടുകൾ പ്രത്യേകം ശ്രദ്ധിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ ഏകോപനപ്രവർത്തനം ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്നുണ്ടെങ്കിലും മിക്ക പഞ്ചായത്തുകളും നഗരസഭകളും മെല്ലെപ്പോക്ക് തുടരുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിന് വാർഡ്‌തല ശുചിത്വസമിതികളുണ്ട്. വെള്ളക്കെട്ടുകൾ ഒഴിവാക്കുകയും ജലാശയങ്ങളിലെ നീരൊഴുക്കിന്റെ തടസങ്ങൾ നീക്കുകയും വേണം. കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, ഹരിതകർമസേന, റെസിഡന്റ്‌സ് അസോസിയേഷനുകൾ, എൻജിഒകൾ, എൻഎസ്എസ്, എൻസിസി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, എസ്‌പിസി, യുവജന സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ- –- സാംസ്‌കാരിക സംഘടനകൾ തുടങ്ങിയ വിവിധ വിഭാഗം ജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തേണ്ടത്. പക്ഷേ ഇതിന് നേതൃത്വം നൽകേണ്ട തദ്ദേശസ്ഥാപനങ്ങൾ പലതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആലസ്യത്തിലാണ്. മാലിന്യ സംസ്‌കരണം നടക്കാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ ഫീൽഡുതല ഉദ്യോഗസ്ഥർ ശേഖരിക്കുകയും പൊതുജനാരോഗ്യ കർമസമിതി ജൂൺ ആദ്യവാരം യോഗം ചേർന്ന് ഇവർക്കെതിരായ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്യും.










0 comments