മുണ്ടക്കയം – വാഗമൺ റോഡ് ടാറിങ് അവസാന ഘട്ടത്തിൽ

മുണ്ടക്കയം- കൂട്ടിക്കൽ– വാഗമൺ റോഡ് ടാറിങ് പുരോഗമിക്കുന്നു
കൂട്ടിക്കൽ
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലും തീർഥാടന കേന്ദ്രമായ കോലാഹലമേട്ടിലും എളുപ്പമെത്താനുള്ള വാഗമൺ റോഡിന്റെ ടാറിങ് അവസാന ഘട്ടത്തിൽ. മുണ്ടക്കയം– കൂട്ടിക്കൽ– വാഗമൺ പാതയുടെ വല്ല്യേന്ത മുതൽ വാഗമൺ വരെയുള്ള ഭാഗത്തിന്റെ നിർമാണം വാഗമണ്ണിൽനിന്ന് ആരംഭിച്ചു. പാത യാഥാർഥ്യമാകുന്നതോടെ മുണ്ടക്കയം, കൂട്ടിക്കൽ ഭാഗത്തുനിന്ന് കുറഞ്ഞ സമയത്തിൽ വാഗമണ്ണിൽ എത്തിച്ചേരാം. നിലവിൽ മുണ്ടക്കയത്ത് നിന്ന് വാഗമണ്ണിലേക്ക് എത്താൻ ഈരാറ്റുപേട്ട വഴിയോ, ഏലപ്പാറ വഴിയോ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. പുതിയ റോഡ് പൂർത്തിയാകുന്നതോടെ യാത്രാദൂരിതം ഇല്ലാതാകും. കൂട്ടിക്കൽ പഞ്ചായത്തിന്റെ വികസനത്തിനും ടൂറിസം മേഖലയ്ക്കും റോഡ് വലിയ കുതിച്ചുചാട്ടം സമ്മാനിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുൻ എംഎൽഎ കെ ജെ തോമസ് ഉൾപ്പെടെയുള്ളവരുടെ നിരന്തര ഇടപെടലുകളാണ് പദ്ധതിക്ക് വേഗം നൽകിയത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രത്യേക ഫണ്ട് അനുവദിക്കുകയും നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുകയുമായിരുന്നു. നിർമാണം എത്രയും വേഗം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന്‌കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ദേശീയപാത 183ൽ നിന്ന് മുണ്ടക്കയം– കൂട്ടിക്കൽ– ഏന്തയാർ– ഇളംകാട് വഴി വല്ല്യേന്തയിൽ എത്തി നിൽക്കുന്ന റോഡിൽ ഏഴു കിലോമീറ്റർ ദൂരമാണ് ബിഎം ബിസി നിലവാരത്തിൽ പുതുതായി ടാർ ചെയ്യുന്നത്. ഇതിന് 17 കോടിയാണ് അനുവദിച്ചിട്ടുള്ളത്. സുരക്ഷാ ഭിത്തികൾ, കലുങ്കുകൾ, റോഡിന് ഇരുവശവും കോൺക്രീറ്റിങ് എന്നിവയും ഉണ്ടാകും. നിർദിഷ്ട എരുമേലി വിമാനത്താവളം പൂർത്തിയാകുന്നതോടെ വിമാനത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇതുവഴി 35 കിലോമീറ്ററിൽ വാഗമണ്ണിലെത്താം.










0 comments