അറുതിയില്ല, ദുരിതയാത്രയ്ക്ക്

എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള വേണാട് എക്സ്പ്രസിലെ യാത്രക്കാരുടെ തിരക്ക്
കോട്ടയം കൊല്ലം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന 66315/66316 മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ മന്ത്രാലയം താൽക്കാലികമായി മരവിപ്പിച്ചെങ്കിലും എറണാകുളത്തേക്കുള്ള ദുരിതയാത്ര തുടരുന്നു. മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരെ യാത്രക്കാരിൽനിന്നും യാത്രക്കാരുടെ സംഘടനകളിൽനിന്നും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്. വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാൻ എറണാകുളം– കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം. എന്നാൽ പുതിയ ട്രെയിൻ അനുവദിക്കുന്നതിന് പകരമാണ് മെമു എറണാകുളത്തേക്ക് നീട്ടാൻ ശ്രമിച്ചത്. കോട്ടയത്തുനിന്ന് കൊല്ലത്തേക്കുള്ള സ്ഥിരം യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം തൽക്കാലം പിൻവലിച്ചെങ്കിലും കോട്ടയം –എറണാകുളം റൂട്ടിലെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ നടപടിയില്ല. ജില്ലയിൽനിന്നുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമായ വൈകിട്ടത്തെ സർവീസുകളിലൊന്നാണ് വേണാട്. ഉച്ചയ്ക്ക് പരശുറാം എക്സ്പ്രസ് കടന്നുപോയ ശേഷം ഏകദേശം മൂന്ന് മണിക്കൂർ ഇടവേളയിലാണ് വേണാട് തൃപ്പൂണിത്തുറയിലെത്തുന്നത്. ഇതിനകം സ്റ്റേഷനുകളിൽ വലിയ തിരക്ക് രൂപപ്പെടും. ട്രെയിൻ എത്തിയാൽ ഇരുവശത്തുനിന്നും യാത്രക്കാർ ഇടിച്ചുകയറുന്നതോടെ വാതിൽപ്പടിവരെ നിറയും. ഒരുവിധം കയറിയവർക്ക് പോലും തിങ്ങിനിറഞ്ഞ കോച്ചിൽനിന്ന് ഇറങ്ങേണ്ട സ്റ്റേഷനിൽ വാതിലിനടുത്തെത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു. തിരക്കുമൂലം സ്ത്രീകളും വിദ്യാർഥികളും വയോധികരും ഉൾപ്പെടെ പലർക്കും ട്രെയിനിൽ കയറാനാകാതെ മടങ്ങേണ്ടിയും വരുന്നു. തിരക്ക് കുറയ്ക്കാൻ വൈകിട്ട് വേണാടിന് മുമ്പായി എറണാകുളത്തുനിന്നും കൊല്ലത്തേക്ക് ഒരു സർവീസ് കൂടി അനുവദിക്കണമെന്നാണ് ജില്ലയിൽനിന്നുള്ള യാത്രക്കാരുടെ പ്രധാന ആവശ്യം. തിരക്ക് നിയന്ത്രിക്കാൻ വൈകുന്നേരങ്ങളിൽ റെയിൽവേ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും യാത്രാദുരിതത്തിന് കുറവില്ലെന്ന് പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. യാത്രക്കാർ സംഘടിച്ച് കായംകുളം മുതൽ എറണാകുളം വരെയുള്ള വിവിധ സ്റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഗുരുവായൂർ– എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണം നിലവിൽ ഉച്ചയ്ക്ക് 1.25-ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.25-ന് എറണാകുളത്തെത്തുന്ന 56317 നമ്പർ ട്രെയിൻ തിരികെ സർവീസ് ആരംഭിക്കുന്നത് രാത്രി 7.40-നാണ്. ഈ ഇടവേളയിൽ എറണാകുളത്ത് സർവീസ് നടത്താതെ കിടക്കുന്ന ട്രെയിൻ കോട്ടയം വരെ ദീർഘിപ്പിച്ച് സർവീസ് നടത്തിയാൽ നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്താതെ രാത്രി 10.30-ഓടെ ഗുരുവായൂരിൽ തിരിച്ചെത്താൻ കഴിയുമെന്ന് യാത്രക്കാർ പറയുന്നു. ഇത്തരത്തിൽ നിലവിലുള്ള ട്രെയിനുകളുടെ ഒഴിവുസമയം ഫലപ്രദമായി വിനിയോഗിച്ച് എറണാകുളം–കോട്ടയം മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാമെന്ന് യാത്രക്കാരും പാസഞ്ചർ അസോസിയേഷനുകളും ആവശ്യപ്പെടുന്നു.








0 comments