തളിർ -വർണോത്സവത്തിന് തുടക്കം

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന തളിർ വർണോത്സവം ഗായകൻ കാവാലം ശ്രീകുമാറും വനിതാ - ശിശുവികസനവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പ്രത്യേക കലോത്സവം "തളിർ -വർണോത്സവം’ ത്തിന് തുടക്കം. കലോത്സവം ശിശുക്ഷേമ സമിതി ഹാളിൽ ഗായകൻ കാവാലം ശ്രീകുമാറും വനിത-ശിശുവികസനവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജും ചേർന്ന് ഉദ്ഘാടനം ചെയ്തു. കാവാലം ശ്രീകുമാർ നാടൻപാട്ടുകൾ പാടിയാണ് കുട്ടികളോട് സംവദിച്ചത്. ശ്രീചിത്രാ ഹോമിലെ അന്തേവാസിയായ ആഷിഖ് അദ്ദേഹത്തിന്റെ പാട്ടുകൾക്ക് അകമ്പടിയായി ചെണ്ടയിൽ താളം പിടിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ ജയപാൽ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കവിതാ റാണി രജ്ജിത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ എസ് വിനോദ്, സമിതി സൂപ്രണ്ട് എൽ ഷീബ, വീട് ബാലികാ മന്ദിരം മാനേജർ ടി എസ് അക്ഷിത എന്നിവർ സംസാരിച്ചു. ജില്ലയിലെ 35 ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളാണ് തൈക്കാട് ശിശുക്ഷേമ സമിതി ഹാളിലും ഗാന്ധി ഭവനിലും ഗവ. സംഗീത കോളേജിലുമായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. നാടോടിനൃത്തം, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ചലച്ചിത്രഗാനാലാപനം, മോണോ ആക്ട്, മിമിക്രി എന്നിങ്ങനെ പ്രധാന ഇനങ്ങളിലാണ് ഞായറാഴ്ചത്തെ മത്സരങ്ങൾ.







0 comments