വികസനവേഗം തേടി പുതുപ്പള്ളി

കോട്ടയം
പുതുപ്പള്ളി, തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരുടെ കൽപ്പനയെ ചോദ്യം ചെയ്‌ത് ചുടുചോരയാൽ ചുവന്ന മണ്ണ്. ദിവാന്റെ കൽപ്പന കാറ്റിൽപ്പറത്തി പ്രതിഷേധത്തീ പടർത്തിയ കർഷകരുടെയും തൊഴിലാളികളുടെയും നാട്. മൈതാനങ്ങളിൽ ആവേശവും ആരവവും നിറയ്‌ക്കുന്ന നാടൻപന്തുകളിയുടെ തട്ടകം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും മണർകാട് സെന്റ് മേരീസ് കത്തീഡ്രലും മണ്ഡലത്തിലെ പ്രധാന ആരാധനാലയങ്ങൾ. ഉത്സവങ്ങളും പെരുന്നാളുകളും നാടിന്റെയാകെ ആഘോഷമാക്കി നാനാജാതി മതസ്ഥർ കൈകോർത്തുകഴിയുന്ന നാട്.
അതിവേഗം ബഹുദൂരം പിന്നോട്ട്
അരനൂറ്റാണ്ടിലേറെക്കാലം ഒരേ കക്ഷി, ഒരേ ജനപ്രതിനിധിയായിരുന്നു പുതുപ്പള്ളിക്ക്. മറ്റ് മണ്ഡലങ്ങൾ വികസനപാതയിൽ വലിയ കുതിപ്പ് നടത്തിയപ്പോൾ പുതുപ്പള്ളി ബഹുദൂരം പിന്നോട്ട് പോയി. മുഖ്യമന്ത്രിപദവി ഉൾപ്പെടെ ഉണ്ടായിരുന്നിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ല. യുവാക്കൾക്ക് തൊഴിൽ നൽകാനുതകുന്ന സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിലും കുടിവെള്ള പ്രശ്‌നം അടക്കമുള്ള വിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിലും പരാജയപ്പെട്ടു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്‌ഘാടന നാടകം നടത്തുന്നതല്ലാതെ നിലവിലെ എംഎൽഎ ചാണ്ടി ഉമ്മൻ വികസനത്തിനായി ആത്മാർഥശ്രമങ്ങൾ നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. എന്നാൽ എൽഡിഎഫ് സർക്കാരുകൾ വികസനത്തിൽ മുഖം നോക്കിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റിയത് എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് ഭരണകാലത്ത് ചോർന്നൊലിച്ച് അടച്ചുപൂട്ടലിന്റെ വക്കിലായ സ്‌കൂളാണ് അഞ്ചുകോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് എൽഡിഎഫ് സർക്കാർ നവീകരിച്ചത്. പേരിൽ മാത്രം താലൂക്ക് ആശുപത്രിയായിരുന്ന പാമ്പാടിയെ 100 കോടിയുടെ കിഫ്ബി പദ്ധതിയിലൂടെ അത്യാധുനിക ചികിത്സാകേന്ദ്രമാക്കി മാറ്റിയതും എൽഡിഎഫിന്റെ ഇച്ഛാശക്തി. ആർദ്രം മിഷന്റെ ഭാഗമായി മണർകാട്, വാകത്താനം, കൂരോപ്പട മേഖലകളിലെ ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതോടെ സാധാരണക്കാർക്ക് മികച്ച ചികിത്സാസൗകര്യങ്ങൾ ലഭ്യമായി. ജൽജീവൻ മിഷനിലൂടെ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കാനുമായി. പാമ്പാടി -നെടുംകുഴി -എട്ടാംമൈൽ റോഡും വാകത്താനം -ഞാലിയാകുഴി റോഡും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി യാത്രാക്ലേശം പരിഹരിച്ചു.










0 comments