ദേശീയ പണിമുടക്ക്
അണിചേരാൻ ഒരുങ്ങി

കോട്ടയം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–- ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്കിനൊരുങ്ങി ജില്ലയും. പ്രചാരണ പ്രവർത്തനങ്ങളും വിവിധ ജാഥകളും ഇതിനോടകം പൂർത്തിയാക്കി. ഏഴിന് പഞ്ചായത്ത് തലത്തിൽ വിളംബരജാഥ സംഘടിപ്പിക്കും. എട്ടിന് പഞ്ചായത്ത്, മുനിസിപ്പൽ തലത്തിലും പ്രധാന ജങ്‌ഷനുകളിലും പന്തംകൊളുത്തി പ്രകടനം നടത്തും. ഫാക്ടറികൾ കേന്ദ്രീകരിച്ച് ഗേറ്റ് മീറ്റിങ്ങുകൾ, തൊഴിലാളികളുടെ ഇടയിൽ സ്‌ക്വാഡ് പ്രവർത്തനം എന്നിവയുമുണ്ട്. പണിമുടക്ക് ദിവസം പഞ്ചായത്ത് മുനിസിപ്പൽ തലത്തിൽ തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് തൊഴിലാളി മാർച്ചും ധർണയും നടത്തും. പണിമുടക്കിന്റെ പ്രചാരണാർഥം ജില്ലയിൽ ചുവരെഴുത്തുകളും ബോർഡുകളും സ്ഥാപിച്ചു. വിവിധ യൂണിയനുകളുടെ ജനറൽ ബോഡികൾ പൂർത്തിയാക്കി. ഒന്നിന് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന മധ്യമേഖല ജാഥ ജില്ലയിൽ പര്യടനം നടത്തി. കാഞ്ഞിരപ്പള്ളി, പാലാ, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ പര്യടനത്തിന് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. ആറായിരത്തോളം പേർ ജാഥയുടെ ഭാഗമായി. ഒമ്പത് മണ്ഡലങ്ങളിലും പ്രത്യേക ജാഥയും മുണ്ടക്കയത്ത് മേഖല ജാഥയും സംഘടിപ്പിച്ചു. വ്യാഴാഴ്‌ച ആരംഭിച്ച മണ്ഡലം ജാഥ ശനിയാഴ്‌ച സമാപിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലാഭം വർധിപ്പിക്കാൻ വേണ്ടി തൊഴിലാളികൾക്ക് മേൽ കടുത്ത ചൂഷണം അടിച്ചേൽപിക്കുന്ന മോദി സർക്കാരിന്റെ ലേബർ കോഡ് അടക്കമുള്ള തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാനാണ് ദേശീയ പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ ദേശീയതലത്തിൽ 17 ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.










0 comments