പഴങ്ങൾക്ക് പൊന്നുംവില

കോട്ടയം ആലുംമൂടിലെ പഴക്കട
കോട്ടയം
റംസാൻ നാളുകളിൽ വിപണിയിൽ വിലക്കയറ്റത്തിന്റെ പൊള്ളൽ. പഴവർഗങ്ങൾക്ക് വില വർധിച്ചതോടെ സാധാരണക്കാരന്റെ നോമ്പുതുറയ്‌ക്ക് മധുരം കുറയുന്നു. വിപണിയിൽ പ്രതീക്ഷച്ചതിൽ കൂടുതൽ പഴവർഗങ്ങൾക്ക് വില വർധിച്ചിരിക്കുകയാണ്. വിദേശയിനം ആപ്പിളാണ് വിലയിൽ മുമ്പൻ. 200 രൂപയുണ്ടായിരുന്ന ആപ്പിൾ 340 രൂപയായി ഉയർന്നു. കൈതചക്ക കിലോയ്‌ക്ക് 63ൽ നിന്ന് 70 ആയി ഉയർന്നു. കുരുവില്ലാത്ത മുന്തിരിക്ക് 200 രൂപയ്‌ക്ക് മുകളിലാണ് വില. ഓറഞ്ച് 20 രൂപ കൂടി 240ൽ എത്തി. അവക്കാഡോ 500ൽ നിന്ന് 650 ആയി. കിവി 30 രൂപകൂടി 130 ആയി. വേനലിൽ ആശ്വാസമാകുന്ന തണ്ണിമത്തന് കിലോയ്ക്ക് 30 രൂപയാണ് വില. നോമ്പ് കാലങ്ങളിൽ സാധാരണ വില കൂടാറുണ്ട്. ഇതോടൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്ന് പഴവർഗങ്ങളുടെ വരവ് കുറഞ്ഞതും വിലവർധിക്കാൻ കാരണമായി. കർണാടക, മദ്രാസ്, നാഗ്‌പൂർ, തേനി, കമ്പം, യുഎസ്‌എ, ചൈന, പോളണ്ട് എന്നിവിടങ്ങളിലാണ് കോട്ടയത്തെ മാർക്കറ്റിൽ സാധനങ്ങൾ എത്തുന്നത്. നിലവിലുള്ള സാധനങ്ങളാണ് വിറ്റുവരുന്നത്. ലഭ്യത കുറവുള്ളതിനാൽ തന്നെ വരും ദിവസങ്ങളിൽ വില വർധിക്കാനും സാധ്യതയുണ്ട്.










0 comments