ഉയരെ പാലാ

അരുണാപുരം കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ സംവിധാനം
പാലാ ""കുടിവെള്ളത്തിനായുള്ള 22 വർഷത്തെ കാത്തിരിപ്പിന് വിരാമമായതാണ് അരുണാപുരത്തെ പ്രധാന നേട്ടം'' പാറയിൽ അമ്പിളി ദിലീപ് പറഞ്ഞു. ""ഇപ്പോൾ ശുദ്ധീകരിച്ച കുടിവെള്ളം മുഴുവൻസമയവും ലഭിക്കുന്നു. നഗരസഭ അരുണാപുരം കുടിവെള്ള പദ്ധതി നവീകരിച്ചതോടെയാണ് കുടിവെള്ളക്ഷാമത്തിന് പരിഹാരമായത്.'' വേനൽക്കാലത്ത് ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം കിട്ടുന്ന അവസ്ഥയായിരുന്നു ഇവിടെ. നഗരസഭ 91 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നവീകരിച്ചത്. മീനച്ചിലാറ്റിൽ സ്ഥാപിച്ച പുതിയ പമ്പ് ഹൗസിൽനിന്ന് എത്തിക്കുന്ന വെള്ളം ആധുനിക ജലശുദ്ധീകരണ സംവിധാനം ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വിതരണം. എല്ലാ മേഖലയും സ്‌പർശിച്ച വികസനം നഗരവികസനത്തിന് പുത്തൻ ദിശാസൂചിക സൃഷ്ടിച്ചാണ് നഗരസഭയിൽ എൽഡിഎഫ് ഭരണം അഞ്ച് വർഷം പൂർത്തിയാക്കുന്നത്. പാലാ ഗവ. ജനറൽ ആശുപത്രിയിൽ 1.83 കോടി ചെലവിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചു. കെ എം മാണി സ്മാരക ക്യാൻസർ സെന്ററിൽ ടെലി കോബാൾട്ട് മെഷീൻ സ്ഥാപിക്കുന്നതും നഗരസഭ അനുവദിച്ച 1.68 കോടി ചെലവിലാണ്. കായികതാരങ്ങൾക്ക് വേണ്ടി താലൂക്ക് ആയുർവേദ ആശുപത്രിയിൽ സ്പോർട്‌സ് മെഡിസിൻ സെന്റർ സ്ഥാപിച്ചു. ഹോമിയോ ആശുപത്രിയിൽ ഒരുകോടി ചെലവിൽ ഐപി ബ്ലോക്ക് നിർമാണം ആരംഭിച്ചു. ലൈഫ് പദ്ധതിയിൽ 59 കുടുംബങ്ങൾക്ക് വീടായി. വർഷങ്ങളായി പ്രവർത്തനം നിലച്ചു കിടന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ നവീകരിച്ച് പുനരാരംഭിച്ചു. തോമസ് പീറ്ററാണ് നഗരസഭാധ്യക്ഷൻ. ആന്റോ ജോസ് പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ഷാജു വി തുരുത്തേൽ എന്നിവർ മുൻ അധ്യക്ഷരാണ്.










0 comments