ഓരുമുട്ട്: പണികൾ പുരോഗതിയിൽ

വേമ്പനാട്ടുകായലും കരിയാറും സംഗമിക്കുന്ന കെ വി കനാലിലെ തോട്ടുവക്കത്ത് ഓരുമുട്ടു നിർമാണം ആരംഭിച്ചപ്പോൾ
വൈക്കം
മൂവാറ്റുപുഴയാറിന്റെ കൈവഴിയും കരിയാറും സംഗമിക്കുന്ന വാഴമന മുട്ടുങ്കലിൽ ഓരുജലത്തെ തടഞ്ഞ് കൃഷിയെ സംരക്ഷിക്കാൻ ഓരുമുട്ട് നിർമാണം പുരോഗതിയിൽ. ഓരുജലം കയറി നെൽകൃഷി, വാഴ, കപ്പ, ജാതി തുടങ്ങിയ ഇടവിളകളും പച്ചക്കറി കൃഷിയും നശിക്കുന്നത് ഒഴിവാക്കാനാണ് ഇക്കുറി ജലത്തിൽ ലവണാംശമേറുന്നതിനു മുൻപേ ഓരുമുട്ട് നിർമാണം തുടങ്ങിയത്. തലയോലപറമ്പ്, തലയാഴം, കല്ലറ, ഉദയനാപുരം, ടിവിപുരം, വെച്ചൂർ, ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, വൈക്കം നഗരസഭ പ്രദേശങ്ങളിലെ വിവിധ കൃഷികളെ ഓരുജലത്തിൽനിന്ന് സംരക്ഷിക്കാൻ ഇറിഗേഷൻ വകുപ്പാണ് ജലാശയങ്ങൾക്ക് കുറുകെ ഓരുമുട്ട് തീർക്കുന്നത്. വൈക്കം അപ്പർകുട്ടനാട്ടിലെ നെൽകൃഷിയേയും ഇടവിളകളേയും സംരക്ഷിക്കുന്നതിനായി വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട ജലാശയങ്ങളിൽ ഓരുമുട്ടുനിർമാണം തുടങ്ങി. കരിയാറും വേമ്പനാട്ടുകായലും ചേരുന്ന തോട്ടുവക്കത്താണ് ആദ്യം ഓരുമുട്ട് സ്ഥാപിച്ചു തുടങ്ങിയത്. വെച്ചൂർ, തലയാഴം, ടി വി പുരം, വൈക്കം നഗരസഭ, ഉദയനാപുരം ചെമ്പ്, തലയോലപറമ്പ്, മറവൻതുരുത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പുഴ, ഇടയാർ, നാട്ടുതോടുകൾ തുടങ്ങിയവ വേമ്പനാട്ടുകായലുമായി ചേരുന്നിടങ്ങളിലാണ് ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്. വെച്ചൂർ, തലയാഴം, ടി വിപുരം പഞ്ചായത്തുകളിലും ഓരുമുട്ടു നിർമിക്കാൻ നടപടികൾ പുരോഗമിക്കുന്നു.










0 comments