പണം നൽകാതെ സർക്കാർ
നെൽവില വിതരണം നിർത്തി ബാങ്കുകൾ

കോട്ടയം ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷിയുടെ ഒരുക്കങ്ങൾ തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഇനിയും നൽകിയില്ല. സർക്കാർ വിഹിതം നൽകാത്തതിനാൽ എസ്‌ബിഐ, കനറ ബാങ്കുകൾ കർഷകർക്ക് നെൽവില നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്. പണം അനുവദിക്കാതെ നെൽവില നൽകാനാകില്ലെന്ന നിലപാടിലാണ് ബാങ്കുകാർ. കൃഷി ചെയ്‌ത നെല്ലിന്റെ പണം അനന്തമായി വൈകുന്നത് അടുത്ത കൃഷിയെ സാരമായി ബാധിക്കും. 380 കർഷകർക്കായി 3.73 കോടിയാണ് കുടിശികയുള്ളത്. ബാങ്കുകളിൽനിന്ന് പണം കിട്ടാത്തവർ കടം വാങ്ങിയും നഷ്‌ടം സഹിച്ചുമാണ് വിരിപ്പുകൃഷിക്ക് നിലം ഒരുക്കുന്നത്. പുഞ്ചകൃഷി 9,000 ഹെക്ടറിൽനിന്ന് 40,461 ടൺ നെല്ലാണ് ജില്ലയിലെ കർഷകരിൽനിന്ന് സംഭരിച്ചത്. 341 പാടശേഖരങ്ങളിലെ 10,411 കർഷകരാണ് സപ്ലൈകോയ്‌ക്ക് നെല്ല് നൽകിയത്. സപ്ലൈകോ 341 ടണ്ണും ഓയിൽപാം ഇന്ത്യ ലിമിറ്റഡ് 18 ടണ്ണും സംഭരിച്ചു. 30.12 രൂപയാണ് ഒരു കിലോ നെല്ലിന്റെ സംഭരണവില. നെല്ലിന് സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം. എന്നാൽ വാഗ്‌ദാനം പാലിച്ചില്ല. നെല്ലിന് സംഭരണവില കിലോയ്ക്ക് 30 രൂപയായി എൽഡിഎ-ഫ് സർക്കാരാണ് വർധിപ്പിച്ചത്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടിയും വകയിരുത്തിയിരുന്നു. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാനായി പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ പ്രഖ്യാപനങ്ങളില്ലായിരുന്നു. ഉൽപാദനച്ചെലവ് കുത്തനെ കൂടിയതിനാൽ സംഭരണവില കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. തൊഴിലാളികളെ കിട്ടാനില്ലാത്തതും കൊയ്‌ത്തുയന്ത്രങ്ങളുടെ വാടക കൂട്ടിയതും കർഷകർക്ക് തിരിച്ചടിയായി. രാസവളം വില കൂത്തനെ കൂട്ടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി. റാണി, ചിത്തിര കായൽ: സർക്കാർ വിഹിതം നൽകിയില്ല റാണി, ചിത്തിര കായൽ പാടശേഖരങ്ങളിൽ കൃഷിയിറക്കിയ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതം ഇനിയും നൽകിയില്ല. കേന്ദ്ര സർക്കാരിന്റെ വിഹിതം മാത്രമാണ് വിതരണം ചെയ്‌തത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ കർഷകരാണ് ആയിരം ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്നത്. കലക്ടറും പ്രിൻസിപ്പൽ കൃഷി ഓഫീസറും പാടശേഖര സമിതിയും അടങ്ങുന്ന സമിതിയാണ് കൃഷിക്കും നെൽവില വിതരണത്തിനും നേതൃത്വം നൽകുന്നത്. കലക്ടറുടെ അക്കൗണ്ടിലേക്കാണ് പണം വരുന്നത്. സർക്കാർ ഭൂമിയായതിനാൽ പാട്ടത്തുക സർക്കാരിനും ലാഭവിഹിതം കർഷകർക്കും നൽകണം. സംസ്ഥാന സർക്കാർ വിഹിതം കിട്ടാൻ വൈകുന്നത് അടുത്ത കൃഷിയെ ബാധിക്കുമെന്ന് കർഷകർ പറഞ്ഞു.








0 comments