ദേശീയ പണിമുടക്ക്
സമരസന്ദേശം പകർന്ന് ട്രേഡ് യൂണിയൻ മധ്യമേഖല ജാഥ സമാപിച്ചു

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മധ്യമേഖല വാഹന പ്രചാരണ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റൻ സി പി മുരളിയെയും മറ്റ് ജാഥ അംഗങ്ങളെയും സ്വീകരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 02, 2025, 03:09 AM | 1 min read
കോട്ടയം
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി–-ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള ജൂലൈ ഒമ്പതിന്റെ അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണാർഥം നടത്തിയ സംയുക്ത ട്രേഡ് യൂണിയൻ മധ്യമേഖല ജാഥയ്‌ക്ക് സമാപനം. കോട്ടയം ജില്ലയിൽ നടത്തിയ പര്യടനത്തോടെയാണ് ജാഥയ്‌ക്ക് സമാപനമായത്. ജില്ലയിൽ മലയോരമേഖല മുതൽ അപ്പർ കുട്ടനാട് വരെ ആറ് കേന്ദ്രങ്ങളിൽ ഉജ്വല സ്വീകരണം നൽകി. എഐടിയുസി സംസ്ഥാന സെക്രട്ടറി സി പി മുരളി ക്യാപ്‌റ്റനായ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തിയത്. സ്വീകരണങ്ങളിൽ ക്യാപ്‌റ്റനു പുറമെ വൈസ് ക്യാപ്‌റ്റൻ എം ഹംസ, മാനേജർ അഡ്വ. ടി ബി മിനി, ജാഥാംഗങ്ങളായ കെ പി മേരി, കെ സി ജയപാലൻ, ജേക്കബ് ഉമ്മൻ, കോരണി സനിൽ, പി ടി ഉണ്ണികൃഷ്ണൻ, അനിൽ രാഘവൻ, ആനീസ് ജോർജ് എന്നിവരും സംസാരിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ ജാഥയെ വരവേറ്റു. പാലാ, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് കോട്ടയത്ത് സമാപിച്ചു. സമാപനയോഗം കെ കെ അഷ്‌റഫ് ഉദ്ഘാടനംചെയ്‌തു. ലേബർ കോഡുകൾ ഉപേക്ഷിക്കുക, പ്രതിമാസ മിനിമം വേതനം 26,000 രൂപയാക്കുക, കരാർ തൊഴിലാളികൾക്ക് ജോലിക്ക് തുല്യമായ വേതനം നൽകുക, ഇപിഎഫ് പെൻഷൻ മിനിമം 9000 രൂപയാക്കുക, സാമൂഹിക സുരക്ഷ, ചികിത്സാസഹായം, സ്ഥിരവരുമാനം, പെൻഷൻ എന്നിവ ഉറപ്പാക്കുക, പിഎഫിന്റെയും ബോണസിന്റെയും പരിധി എടുത്തുമാറ്റുകയും ഗ്രാറ്റുവിറ്റി തുക വർധിപ്പിക്കുകയും ചെയ്യുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.










0 comments