Deshabhimani

മരുന്നിനും കട്ട്‌; രോഗികൾ ഒ‍ൗട്ട്‌

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ മരുന്നിനായി വരി നിൽക്കുന്നവരുടെ തിരക്ക്. 
ഫാർമസിക്ക്‌ മുന്നിലെത്തുന്പോഴാണ്‌ മരുന്നില്ലെന്നും പുറത്തുനിന്ന്‌ വാങ്ങണമെന്നുമുള്ള മറുപടി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഫാർമസിയിൽ മരുന്നിനായി വരി നിൽക്കുന്നവരുടെ തിരക്ക്. 
ഫാർമസിക്ക്‌ മുന്നിലെത്തുന്പോഴാണ്‌ മരുന്നില്ലെന്നും പുറത്തുനിന്ന്‌ വാങ്ങണമെന്നുമുള്ള മറുപടി

avatar
സ്വന്തം ലേഖകൻ

Published on Sep 24, 2026, 12:56 AM | 2 min read

കോട്ടയം

ജില്ലയിലെ സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും അവശ്യമരുന്നുകളുടെ ക്ഷാമം രൂക്ഷം. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും നൽകേണ്ട മരുന്നുൾപ്പെടെയാണ്‌ കിട്ടാനില്ലാത്തത്‌. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കുള്ള വൈറ്റമിൻ -എ തുള്ളിമരുന്ന്‌ ജൂലൈമുതൽ ലഭ്യമല്ല. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളും ഗർഭിണികൾക്കുള്ള വൈറ്റമിൻ -ഡി ഗുളിക, ഫോളിക് ആസിഡ്‌, അയൺ ഗുളികകളും സ്റ്റോക്ക് തീർന്ന നിലയിലാണ്. പ്രാഥമിക ആാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്‌, ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജ്‌ ആശുപത്രിയകളിലും ഒരുപോലെ മരുന്ന്‌ക്ഷാമം രൂക്ഷമാണ്‌. ഡോക്ടർമാർ എഴുതി നൽകുന്നതിൽ ഭൂരിഭാഗവും പുറത്തുനിന്ന്‌ വാങ്ങാൻ പറയുകയാണ്‌. ഉയർന്ന വില നൽകി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന്‌ മരുന്ന്‌ വാങ്ങാൻ കഴിയാത്ത പാവങ്ങളാണ്‌ ദുരിതം അനുഭവിക്കുന്നത്‌. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സിസൈക്ലിനും മുണ്ടിനീരിനുള്ള പ്രതിരോധ മരുന്നും മാസങ്ങളായി മുടങ്ങിയിട്ട്‌. പ്രമേഹ രോഗികൾക്കുള്ള മെറ്റ്ഫോർമിൻ, ഗ്ലിമപിറൈഡ് എന്നിവയുടെ സ്റ്റോക്ക് തീർന്നനിലയിലാണ്‌. ഒലോപടാഡിൻ ഐ ഡ്രോപ്‌സ്‌, എച്ച്‌പിഎംസി ഐ ഡ്രോപ്‌, നാക്‌സ്‌ഡോം 250 തുടങ്ങിയ മരുന്നുകൾ കോട്ടയം മെഡിക്കൽ കോളേജിൽ ലഭ്യമല്ല. ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജ്‌ ആശുപത്രികളിലും മറ്റും രോഗികൾ മണിക്കൂറുകൾ ഫാർമസിക്ക്‌ മുന്നിൽ വരിനിന്നാണ്‌ മരുന്ന്‌ വാങ്ങുന്നത്‌. വരിനിന്ന്‌ ഫാർമസിക്ക്‌ മുന്നിലെത്തുന്പോഴാണ്‌ മരുന്നില്ലെന്നും പുറത്തുനിന്ന്‌ വാങ്ങണമെന്നും പറയുക. ഇതോടെ രോഗികൾ നിരാശരായി മടങ്ങുകയാണ്‌. പുറത്തുനിന്ന്‌ മരുന്ന്‌ വാങ്ങാൻ കൈയിൽ പണമില്ലാത്തതിനാൽ കുറച്ചുദിവസത്തേക്ക്‌ മാത്രം മരുന്ന്‌ വാങ്ങി മടങ്ങുന്നവരുമുണ്ട്‌. ലഭ്യമല്ലാത്ത മരുന്നുകളുടെ പട്ടിക തയ്യാറാക്കി സമയബന്ധിതമായി ലഭ്യമാക്കാൻ സർക്കാർ ഇടപെടാത്തത്‌ പ്രതിസന്ധി രൂക്ഷമാക്കി. യുഡിഎഫ് സർക്കാർ വന്നശേഷം കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിലെ ഉൽപാദനം കുറച്ചതും തിരിച്ചടിയായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തലപ്പത്ത് അടിക്കടിയുണ്ടായ മാറ്റങ്ങളും പ്രശ്‌നം രൂക്ഷമാക്കി. സർക്കാർ ആശുപത്രിയിൽ മരുന്നില്ലാത്തതിനാൽ സ്വകാര്യ മെഡിക്കൽ സ്‌റ്റോറുകളിൽ വലിയ തിരക്കാണ്‌.​ ഡോക്‌ടർമാരില്ല സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തതും രോഗികളെ വലയ്‌ക്കുന്നു. ജില്ലാ, ജനറൽ ആശുപത്രികളിലായി 22 ഡോക്ടർ തസ്‌തികകളാണ് ഒഴിവുള്ളത്‌. കൃത്യസമയത്ത് സ്ഥാനക്കയറ്റം നൽകാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കാത്തതാണ്‌ ഒഴിവുകൾ നികത്താൻ തടസ്സം. യുഡിഎഫ്‌ അധികാരത്തിലെത്തിയതുമുതൽ പൊതുജനാരോഗ്യ മേഖലയുടെ പ്രവർത്തനം താളംതെറ്റിക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home