അവധിക്കാലം അടിച്ചുപൊളിക്കാം കോട്ടയത്ത് കാണാനുണ്ട് ഏറെ

ജില്ലയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ ഇല്ലിക്കൽകല്ല് ടോപ്പ് സ്റ്റേഷൻ

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:37 AM | 2 min read
കോട്ടയം
അക്ഷരനഗരിയെന്ന് വിളിപ്പേരുള്ള കോട്ടയത്ത് അവധിക്കാലം ആഘോഷമാക്കാൻ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. കിഴക്കൻ മലനിരകൾ മുതൽ പടിഞ്ഞാറൻ കായൽ പ്രദേശങ്ങൾവരെ ഒരുപിടി കാഴ്ചകൾ കോട്ടയത്തുണ്ട്. വെള്ളച്ചാട്ടങ്ങൾ, ട്രെക്കിങ് സ്പോട്ടുകൾ, വ്യൂപോയിന്റുകൾ, സായാഹ്ന വിശ്രമ കേന്ദ്രങ്ങൾ, കായൽ സവാരികൾ, നൂറ്റാണ്ടുകളുടെ കഥ പറയുന്ന പൈതൃക സ്‌മാരകങ്ങൾ, ചരിത്ര പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങൾ, നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ, ഫാം ടൂറിസം കേന്ദ്രങ്ങൾ. അങ്ങനെ കാഴ്‌ചകളുടെ ഉത്സവം തീർക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവധിക്കാലത്തെ യാത്രകളിൽ ഉൾപ്പെടുത്താവുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച്.
പോകാം മലമുകളിലേക്ക്
മല മുകളിലേക്കു യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ അടക്കം നിരവധി കേന്ദ്രങ്ങൾ കോട്ടയത്തുണ്ട്. മികച്ചൊരു റൈഡാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇൗ വഴിയിലൂടെ പോയാൽ മതി. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തി ഗ്രാമങ്ങളായ കൂട്ടിക്കലും വെംബ്ലിയും എല്ലാം പച്ചപ്പിന്റെ കാഴ്ചകൾ ഉള്ളിലൊതുക്കി കാത്തിരിക്കുകയാണ്. ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർമല വെള്ളച്ചാട്ടം, പഴുക്കാക്കാനത്ത് വലക്കെട്ട്–-കണ്ണാടി മലകൾക്കിടയിലെ കട്ടിക്കയം വെള്ളച്ചാട്ടം തുടങ്ങിയവയും യാത്രയിൽ ഉൾപ്പെടുത്താം. വേനൽ കടുത്തതോടെ അരുവികളിലും വെള്ളച്ചാട്ടങ്ങളിലുമെല്ലാം നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. യാത്രയ്‌ക്ക് മുന്പ് ഇക്കാര്യം ഉറപ്പാക്കണം.
തീർഥാടന–പൈതൃക–പഠന കേന്ദ്രങ്ങൾ
അക്ഷരങ്ങൾ പിറവിയെടുത്ത നാടായതുകൊണ്ടും മിഷണറിമാരുടെ പ്രവർത്തന കേന്ദ്രമായിരുന്നതുകൊണ്ടും ചരിത്രപ്രസിദ്ധമായ ഒട്ടേറെ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. കോട്ടയത്തെ ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയവും മാന്നാനം സെന്റ് ജോസഫ്‌സ് പ്രസും നാട്ടകം അക്ഷരം മ്യൂസിയവും അച്ചടിയുടെ ചരിത്രത്തിലേക്ക് വഴി തുറക്കും. കുറവിലങ്ങാട് കോഴായിലെ സയൻസ് സിറ്റി വിദ്യാർഥികൾക്കും ശാസ്‌ത്രകുതുകികൾക്കും വഴികാട്ടിയാണ്. വൈക്കത്ത് പോകുന്നവർക്ക് ബോട്ട് യാത്രയ്‌ക്കൊപ്പം പെരിയാർ സ്‌മാരകവും കാണാം. തിരുനക്കര മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി ജുമാ മസ്‌ജിദ്, താഴത്തങ്ങാടി ഹെറിറ്റേജ് സോൺ, സെന്റ്. മേരീസ് ചർച്ച്(വലിയപള്ളി), സെന്റ്. മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ച് (ചെറിയപള്ളി), തളിയിൽ മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഭരണങ്ങാനം സെന്റ് മേരീസ് പള്ളി, ചങ്ങനാശേരി വാഴപ്പിള്ളി മഹാദേവക്ഷേത്രം തുടങ്ങി നിരവധി തീർഥാടന കേന്ദ്രങ്ങളും ജില്ലയിലുണ്ട്.
ഗ്രാമങ്ങളിൽ രാപാർക്കാം
എഴുമാന്തുരുത്ത്, കുമരകം, അയ്മനം തുടങ്ങി ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്ന നിരവധി പ്രദേശങ്ങൾ കോട്ടയത്തുണ്ട്. തോടുകളിലും ആറുകളിലും കായലുകളിലും സഞ്ചരിച്ച് ഗ്രാമീണ ജീവിതവും പ്രകൃതിയുടെ സൗന്ദര്യവും തൊട്ടറിയാം. കുമരകത്ത് പോകുന്നവർക്ക് ബോട്ട് യാത്രയ്‌ക്കൊപ്പം പക്ഷിസങ്കേതവും കാണാം. വൈക്കം ചെമ്പ് കാട്ടിക്കുന്നിലെ മത്സ്യഫെഡിന്റെ പാലാക്കരി അക്വാ ടൂറിസം സെന്ററിൽ വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെ സ്പീഡ് ബോട്ട് സവാരി, കെട്ടുവള്ള മ്യൂസിയം സന്ദർശനം, മത്സ്യക്കൃഷി സന്ദർശനം എന്നിവയ്ക്കും സൗകര്യമുണ്ട്. കടുത്തുരുത്തിയിലെ അഗ്രികൾച്ചറൽ തീംപാർക്കായ മാംഗോ മെഡോസിൽ താമസിക്കുകയും കാഴ്‌ചകൾ നുകരുകയും ചെയ്യാം. നീണ്ടൂർ ജെ യെസ് ഫാമിൽ പ്രവേശനം സൗജന്യമാണ്. വലിയമട വാട്ടർ പാർക്കിലും തലയോലപ്പറന്പ് കാന്താരിപ്പാടത്തും വൈകുന്നേരങ്ങൾ ചെലവഴിക്കാം.
വിവരങ്ങൾക്ക്: ടൂറിസ്‌റ്റ് ഇൻ--ഫർമേഷൻ സെന്റർ +91 481 2524343, റെസ്‌പോൺസിബിൾ ടൂറിസം ട്രാവൽ ഡെസ്‌ക്, കുമരകം +91 481 2523097, 9633992977. കുമരകം കെടിഡിസി: +91 481 2527650. www.discoverkottayam.com, www.keralatourism.org










0 comments