ജനദ്രോഹ ഭരണത്തെ തിരുത്തിക്കാൻ

ഇന്ധന വിലക്കയറ്റത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം വിലക്കയറ്റത്തിലൂടെ ജനത്തെ വലയ്‌ക്കുന്ന കേന്ദ്രസർക്കാർ നിലപാടുകളെ തിരുത്തിക്കാനുറച്ച് സിപിഐ എം നേതൃത്വത്തിൽ നടത്തിയ മാർച്ചുകൾ ബഹുജനങ്ങളുടെ പ്രതിഷേധക്കൂട്ടായ്‌മയായി. ദിനംപ്രതി പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോഴും മുടന്തൻ ന്യായങ്ങൾ നിരത്തി വിലക്കയറ്റത്തെ ന്യായീകരിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. പാചകവാതകത്തിന് അടിക്കടി വിലവർധിപ്പിച്ച് സാധാരണക്കാരെ വലച്ചു. പ്രതിഷേധിക്കാതെ നിലനിൽക്കാനാകില്ലെന്നും ഒന്നിച്ചു നിൽക്കണമെന്നും ആഹ്വാനം ചെയ്‌താണ് സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നടത്തിയത്. ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു. ഭക്ഷണശാലകൾ പോലും നിലനിൽപിന് കഷ്ടപ്പെടേണ്ടിവരുന്ന നിലയിലേക്ക് നാടിനെ തള്ളിവിടുന്ന മോദി സർക്കാരിനെതിരെ ഒരക്ഷരം പറയാൻ തയ്യാറാകാത്ത കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ നിലപാട് തുറന്നുകാട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം. ജനങ്ങളെ വഞ്ചിക്കാൻ ഡീലുണ്ടാക്കിയ ബിജെപി–യുഡിഎഫ് സഖ്യത്തിന് സമരം താക്കീതായി. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കെ ആർ അജയ്, ഷീജ അനിൽ, കെ വി ബിന്ദു എന്നിവർ സംസാരിച്ചു. ചങ്ങനാശേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഹരികുമാർ വൈക്കത്തും കെ എം രാധാകൃഷ്‌ണൻ ഏറ്റുമാനൂരിലും പി വി സുനിൽ തലയോലപ്പറമ്പിലും ലാലിച്ചൻ ജോർജ് കുറവിലങ്ങാട്ടും കെ രാജേഷ് പാലായിലും റെജി സഖറിയ കാഞ്ഞിരപ്പള്ളിയിലും കൃഷ്‌ണകുമാരി രാജശേഖരൻ പാമ്പാടിയിലും കെ എൻ വേണുഗോപാൽ അയർക്കുന്നത്തും ജില്ലാ കമ്മിറ്റിയംഗം രമ മോഹൻ ഇൗരാറ്റുപേട്ടയിലും വാഴൂർ ഏരിയ സെക്രട്ടറി വി ജി ലാൽ കറുകച്ചാലിലും ഉദ്‌ഘാടനം ചെയ്‌തു.










0 comments