നാടറിഞ്ഞ്

എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ പൊൻകുന്നത്ത് എത്തിയപ്പോൾ ക്യാപ്റ്റൻ ജോസ് കെ മാണി എംപിയെ വേദിയിലേക്ക് സ്വീകരിക്കുന്നു
അതുല്യ ഉണ്ണി [email protected]
Published on Feb 10, 2026, 12:35 AM | 1 min read
കോട്ടയം
മൂന്ന് ദിനങ്ങൾ... ഉച്ചവെയിലിന്റെ ചൂടറിയാതെ, രാത്രിയുടെ ഇരുട്ടിനെ വകവയ്‌ക്കാതെ, കണ്ണിരൊപ്പിയവരെ കാണാനും കേൾക്കാനും നിറസംതൃപ്‌തിയോടെ കാത്തിരുന്ന പതിനായിരങ്ങൾ. അവരുടെ ഹൃദയ തുടിപ്പറിഞ്ഞും അവരുമായി സംവദിച്ചും വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞും ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ജില്ലയിൽ പുതുചരിത്രമെഴുതി. മലനാടിന്റെ കവാടമായ മുണ്ടക്കയത്തായിരുന്നു ജില്ലയിൽ ജാഥയുടെ അവസാന സ്വീകരണം. ജനസാഗരം തീർത്താണ് മണ്ഡലങ്ങളിൽ ജാഥയെ ഹൃദയത്തിലേറ്റു വാങ്ങിയത്. ജനപക്ഷ ബദലിന്റെയും മതനിരപേക്ഷതയുടെയും സന്ദേശമായ ജാഥയെ വരവേൽക്കാൻ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. തൊട്ടറിഞ്ഞ വികസനത്തിന്റെ നേർസാക്ഷ്യമായി അവർ മാറി. മുടങ്ങാതെ ക്ഷേമപെൻഷൻ ലഭിക്കുന്നവരും ലൈഫിൽ വീട് കിട്ടിയവരും ജനക്ഷേമ ഭരണത്തിന്റെ തുടർച്ചയ്‌ക്കായി മനസുചേർത്തു. ജാഥയുടെ അവസാന ദിനമായിരുന്ന തിങ്കളാഴ്ച പാല സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖം പരിപാടി ഏറ്റവും സൂക്ഷ്മതലത്തിൽ നാടിന്റെ ആവശ്യങ്ങൾ ചർച്ചചെയ്യുന്ന ഇടമായി. ആരോഗ്യം, വിദ്യഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള മേഖലയിൽ നടപ്പാക്കേണ്ട ആവശ്യങ്ങൾ ഉന്നയിച്ചു. വിമർശനങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും ഭാവികേരളത്തിനായി അവർ പങ്കുവച്ചു. പാല മണ്ഡലത്തിലെ മഹാറാണി തിയറ്റർ മൈതാനിയൽ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന്, കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നം രാജേന്ദ്ര മൈതാനത്തെ സ്വീകരണശേഷം പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് പരിസരത്ത് ജില്ലയിലെ അവസാനം സ്വീകരണം ഏറ്റുവാങ്ങി. മുതിർന്ന സിപിഐ എം നേതാവ് കെ ജെ തോമസ്, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, മന്ത്രി റോഷി അഗസ്‌റ്റിൻ, ചീഫ് വിപ്പ് എൻ ജയരാജ്, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചു.










0 comments