ad
Deshabhimani

കുമരകം മറക്കില്ല; ശ്രീനിവാസൻ വന്ന കൊയ്‌ത്തുത്സവം

sreeni

മെത്രാൻ കായൽ പാടശേഖരത്ത് കൊയ്‌ത്തുത്സവത്തിന്റെ പൊതുചടങ്ങിൽ 
അന്നത്തെ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാറിനൊപ്പം നടൻ ശ്രീനിവാസൻ വേദിയിൽ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Dec 21, 2025, 01:27 AM | 1 min read

കുമരകം

കുമരകംകാരുടെ മനസിൽനിന്ന് മായ്‌ക്കാൻ പറ്റാത്ത ദിനമായിരുന്നു അന്ന്‌; 2017 മാർച്ച് 11. ഗ്രാമം അന്ന്‌ ഉത്സവഛായയിലാരുന്നു. കുമരകത്തിന്റെ തെക്കുഭാഗത്തുള്ള പൊങ്ങലക്കരി പ്രദേശത്തേക്ക് വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകൾ ഒഴുകിയെത്തി. കാരണം മറ്റൊന്നുമായിരുന്നില്ല, ടൂറിസം പദ്ധതികൾക്കായി സ്വകാര്യ കമ്പനി വിലക്കുവാങ്ങി എട്ട്‌ വർത്തോളം തരിശിട്ട 404 ഏക്കർ വരുന്ന മെത്രാൻ കായൽ പാടശേഖരത്ത് കൊയ്ത്തുത്സവമായിരുന്നു അന്ന്‌. ഒരു ജനതയുടെ സ്വപ്‌ന സാക്ഷാത്കാരം. ആ ചടങ്ങിൽ മുഖ്യാഥിതിയായി എത്തിയത് പ്രിയ നടൻ ശ്രീനിവാസൻ. അന്നത്തെ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിനൊപ്പമാണ്‌ കൃഷിയെ, കർഷകരെ സ്നേഹിച്ചിരുന്ന മലയാളത്തിന്റെ പ്രിയ നടൻ എത്തിയത്‌. ശ്രീനിവാസനാണ്‌ മെത്രാൻ കായൽ ബ്രാൻഡ് അരിയുടെ ലോഗോ പ്രകാശിപ്പിച്ചത്‌. താരജാഡയില്ലാതെ എല്ലാവരോടും വിശേഷം പറഞ്ഞും ചിരിച്ചും കൈവീശിയും അദ്ദേഹം നാട്ടുകാർക്കിടയിലൂടെ നടന്നുനീങ്ങി. അദ്ദേഹത്തെ കാണാനും ചിത്രമെടുക്കാനുമായി ജനക്കൂട്ടം തിരക്കുകൂട്ടി. കർഷകൻ കൂടിയായ ശ്രീനിവാസനെ മന്ത്രി നേരിട്ട്‌ വിളിച്ചാണ്‌ മെത്രാൻ കായലിലെ കൊയ്‌ത്തുത്സവത്തിലേക്ക്‌ ക്ഷണിച്ചത്‌. 2016 ൽ അധികാരത്തിൽ എൽഡിഎഫ്‌ സർക്കാരാണ്‌ മെത്രാൻ കായലിൽ കൃഷിയിറക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. തുടർന്ന്‌ സർക്കാർ നിർദ്ദേശ പ്രകാരം പൊതുജനങ്ങളും, വിവിധ സംഘടനകളും ചേർന്നാണ്‌ നെൽകൃഷി ഇറക്കിയത്‌. ഡോ. തോമസ്‌ ഐസക്, കെ സുരേഷ് കുറുപ്പ്, സി കെ ആശ എംഎൽഎ, മന്ത്രി വി എൻ വാസവൻ, സി കെ ശശിധരൻ എന്നിവർക്കൊപ്പം മൊത്രാൻ കായൽ പാടത്ത് നെല്ല് കൊയ്ത്‌ ഉയർത്തിപിടിച്ച്‌ നിൽക്കുന്ന ശ്രീനിവാസന്റെ ചിത്രം ഉദ്‌ഘാടനത്തിന് എത്തിയ ആളുകളുടെ മനസ്സിലെ മായാത്ത ഓർമയായി ഇന്നും നിലനിൽക്കുന്നു. പൊതുസമ്മേളനത്തിൽ ജൈവകൃഷിയുടെ പ്രാധാന്യത്തേക്കുറിച്ചും എറണാകുളം കണ്ടനാട് ഭാഗത്തും വൈക്കത്തും താൻ ചെയ്യുന്ന കൃഷികളെക്കുറിച്ചും ശ്രീനിവാസൻ നടത്തിയ പ്രസംഗം ഏറെ കൈയടിനേടി. 2018 ൽ തുടങ്ങിയ നെൽകൃഷി ഇന്നും മെത്രാൻ കായലിൽ വിജയകരമായി ഇപ്പോഴും തുടരുകയുംചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home