ഉയരെ റൊണാൾഡോ

കുടക്കച്ചിറ കുമ്പളത്തുപടിയിലെ റൊണാൾഡോയുടെ കട്ടൗട്ടിനു മുന്നിൽ കായികപ്രേമികൾ
കോട്ടയം പാലാ കുടക്കച്ചിറയിലെ കായികപ്രേമികൾ ഒന്നിച്ചപ്പോൾ ഉയർന്നു, 65 അടി ഉയരത്തിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഇൗ നാട്ടിലെങ്ങും കാണാം. ഇവിടെ ബ്രസീലിനും അർജന്റീനക്കും ഫ്രാൻസിനുമെല്ലാം ആരാധകരുണ്ട്. അവരോടൊപ്പം നാട്ടുകാരും ഒത്തുചേർന്നാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന കട്ടൗട്ട് സ്ഥാപിച്ചത്. വഴിപോക്കരുടെ "ഫോട്ടോ സ്‌പോട്ടാ'യി മാറിയ കട്ടൗട്ട് ജില്ലയിലെ ഏറ്റവും വലുതാണെന്ന് കുടക്കച്ചിറയിലെ കായികപ്രേമികൾ പറയുന്നു. കുടക്കച്ചിറയിലെ പോർച്ചുഗൽ ആരാധകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽനിന്ന് തുടങ്ങിയ ആശയം നാടാകെ ഏറ്റുപിടിക്കുകയായിരുന്നു. പിരിവിട്ടപ്പോൾ ഫാനിസം നോക്കാതെ നാട്ടുകാർ പിന്തുണച്ചു. കട്ടൗട്ട് സ്ഥാപിക്കാൻ തടിക്കച്ചവടക്കാർ ക്രെയിൻ കൊണ്ടുവന്നു. അങ്ങനെ കുമ്പളത്തുപടിയിൽ കൂറ്റൻ റൊണാൾഡോ ഉയർന്നു. കുടക്കച്ചിറയിലെ കായികപ്രേമികളും നാട്ടുകാരും ഒന്നുചേർന്ന് നേടിയ നേട്ടമാണിതെന്ന് നാട്ടിലെ പോർച്ചുഗൽ ഫാനായ അർജുൻ സി രമണൻ പറഞ്ഞു.











0 comments