പാകിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അഫ്ഗാനിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാൻ. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാന്റെ താലിബാൻ അവകാശപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളിലെ സ്ഥലങ്ങളാണ് ലക്ഷ്യമിട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ താവളങ്ങളാണ് തങ്ങൾ ആക്രമിച്ചതെന്ന് താലിബാൻ പറയുന്നു. നാല് ഡ്രോണുകൾ വെടിവച്ചിട്ടതായും ഇപ്പോൾ നടത്തിയ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 28 സാധാരണക്കാർ കൊല്ലപ്പെട്ടതിന് ശേഷമാണ് അഫ്ഗാന്റെ പ്രത്യാക്രമണം. ഇതോടെ മാസങ്ങൾ നീണ്ടുനിന്ന ശാന്തതയ്ക്ക് ശേഷം അതിർത്തി മേഖല വീണ്ടും സംഘർഷത്തിലായി. ആഴ്ചകളോളം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലുകൾക്ക് ശേഷം ഒക്ടോബറിൽ ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു.
സ്വന്തം മണ്ണിൽ നിന്ന് ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാൽ താലിബാൻ സർക്കാർ ഈ അവകാശവാദം നിരസിച്ചു. പാകിസ്ഥാൻ പ്രകോപനമില്ലാതെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് അഫ്ഗാനിസ്ഥാൻ കുറ്റപ്പെടുത്തി. ഭീകരരെ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് പാകിസ്ഥാന്റെ വാദം.
പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ വീടുകൾ തകർന്നതായും 36 സാധാരണക്കാർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാർ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണവും അതിർത്തിയിൽ കരസേനാ ഓപ്പറേഷനും നടത്തിയതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. സമീപ മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി ഏറ്റുമുട്ടലുകളും വ്യോമാക്രമണങ്ങളും വർദ്ധിച്ചുവരികയാണ്.










0 comments