ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക്
തീരം കണ്ട് പടിഞ്ഞാറ്

ദിവസങ്ങളായി വെള്ളത്തിലായിരുന്ന മള്ളൂശേരിയിലെ പ്രദീഷിന്റെ വർക്ക് ഷോപ്പ് ഞായറാഴ്ച വെള്ളം ഇറങ്ങിയപ്പോൾ വൃത്തിയാക്കുന്നു
കോട്ടയം ഇരച്ചുകയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആശ്വാസതീരത്തിലേക്ക് അടുക്കുകയാണ് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശം. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്‌മനം, കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളമിറങ്ങി. വീടുകളിൽ വെള്ളം കയറി ഒരാഴ്‌ചയായി ക്യാമ്പിൽ കഴിയുന്നവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഞായറാഴ്‌ച പകൽ മഴ താരതമ്യേന കുറവായിരുന്നു. ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം നൂറിൽ താഴെയായി. 174 ക്യാമ്പുകൾ വരെയുണ്ടായിരുന്നു. തിരികെയെത്തി വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ് ക്യാമ്പുകളിൽ കഴിഞ്ഞവർ. ചെളി കയറിയ വീട് വൃത്തിയാക്കാൻ ഏറെ പണിപ്പെടണം. ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളുമെല്ലാം നഷ്ടപ്പെട്ടവരുണ്ട്. റോഡുകളിലെ വെള്ളക്കെട്ട് പൂർണമായി ഒഴിഞ്ഞിട്ടില്ല. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ക്യാമ്പിൽ തുടരുകയാണ്. ആറ്റുതീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽനിന്ന് വെള്ളം ഇറങ്ങുന്നതേയുള്ളൂ. വെള്ളപ്പൊക്ക ദുരിതം ഏറ്റവും കൂടുതൽ ബാധിച്ചത് കുമരകം, തിരുവാർപ്പ് മേഖലയിലാണ്. കിഴക്കുനിന്ന് വെള്ളമെത്തി മീനച്ചിലാർ കരകവിഞ്ഞതോടെ കോട്ടയം– കുമരകം റൂട്ടിൽ ആലുംമൂട് മുതൽ ആറ്റാമംഗലം പള്ളിഭാഗം വരെയുള്ള പലയിടത്തും റോഡിൽ വെള്ളക്കെട്ടായിരുന്നു. മിക്കയിടങ്ങളിലും റോഡിൽ അരയൊപ്പം വെള്ളമുണ്ടായിരുന്നു. വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. തിരുവാർപ്പ് പഞ്ചായത്തിൽ 90 ശതമാനത്തോളം വെള്ളം കയറിയിരുന്നു. കാഞ്ഞിരം ഭാഗം ഏതാണ്ട് മുഴുവനായി വെള്ളത്തിൽ മുങ്ങി. ചിങ്ങവനം, 15ൽ കടവ്, 16ൽ ചിറ, പാറോച്ചാൽ, കാരാപ്പുഴ, പാണംപടി, മാണിക്കുന്നം ഭാഗങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. മീനച്ചിലാറ്റിലെയും കൊടൂരാറ്റിലേയും ജലനിരപ്പ് പതിയെയാണ് താഴുന്നത്. വേമ്പനാട്ട് കായൽ വെള്ളം എടുക്കാതായതാണ് ആറുകളിലും തോടുകളിലും വെള്ളം ഉയരാൻ കാരണം.









0 comments