ad
Deshabhimani

കുതിച്ചെത്തി വെള്ളം, ദുരിതം

Heavy rain

കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ ഈരാറ്റുപേട്ട നഗരത്തിന്റെ ശനിയാഴ്ച രാവിലത്തെ ആകാശ ദൃശ്യം. 
പെരുംപെട്ടി സ്റ്റേഷൻ സിപിഒ മുഹമ്മദ്‌ നൗഫൽ പകർത്തിയത്

വെബ് ഡെസ്ക്

Published on Aug 02, 2026, 02:14 AM | 1 min read

കോട്ടയം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലാകെ ദുരിതം. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത്‌ ശനി പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട്‌ തകർന്ന്‌ അമ്മയും മകനും മരിച്ചു. മണപ്പാട്ട്‌ റെജീന ജോണി(46), മകൻ ജോസ-ഫിൻ ജോണി(25) എന്നിവരാണ്‌ മരിച്ചത്‌. വാകത്താനത്ത്‌ വെള്ളക്കെട്ടിൽ വീണ്‌ പതിനൊന്നുകാരൻ മരിച്ചു. ചക്കൻചിറ പേരുകുന്നേൽ ഷിജുവിന്റെ മകൻ മിലൻ ആണ്‌ മരിച്ചത്‌. സംഭവ സമയം റെജീനയുടെ ഭർത്താവ് ജോണി സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ ഇയാളും അപകടത്തിൽപ്പെട്ടതായി കരുതി നാട്ടുകാർ മണ്ണ് നീക്കി തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് ജോണിയെ മറ്റൊരു സ്ഥലത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ദുരന്തത്തിൽ ഭാര്യയും മകനും മരിച്ചത് അറിഞ്ഞ് കുഴഞ്ഞ് വീണ ജോണിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളത്തും ഉരുൾപാട്ടി. വൻമരങ്ങൾ റോഡിലേക്ക്‌ വീണു. ചിലത്‌ വീടുകളിലേക്ക്‌ ഇടിച്ചുകയറി വലിയ നാശമുണ്ടായി. ശനി രാത്രി മുതലേ മീനച്ചിലാറ്റിൽ ജലനിരപ്പ്‌ ഉയരാൻ തുടങ്ങിയിരുന്നു. പുലർച്ചെയോടെ പാലാ, ഇ‍ൗരാറ്റുപേട്ട നഗരങ്ങൾ വെള്ളത്തിലായി. വീടുകളിലും കടകളിലും ചെളി കയറി. വാഗമൺ റോഡിൽ വലിയ പാറകൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തിൽ തീക്കോയി ഇല്ലിക്കുന്ന്‌ തൂക്കുപാലം തകർന്നു. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിക്കൽ, തീക്കോയി, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. തലയോലപ്പറമ്പ്‌ വെട്ടിക്കാട്ടുമുക്ക്‌ ഗുരുമന്ദിരത്തിനു സമീപം റോഡിന്റെ വശത്തെ കൽക്കെട്ട്‌ തകരുകയും റോഡിൽ വിള്ളലുണ്ടായി. തീക്കോയി പഞ്ചായത്തിലെ തലനാട് കവലപാലത്തിന് സമീപം ശക്തമായ വെള്ളപ്പാച്ചിലിൽ വ്യാപക നാശമുണ്ടായി. അമ്പതോളം വീടുകളിൽ വെള്ളം കയറി. ഇതിൽ 30 വീടുകളിലെ മുഴുവൻ വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പനച്ചിപ്പാറ വാഴയിൽ തടിമില്ലിൽ സൂക്ഷിച്ചിരുന്ന ഈട്ടി, തേക്ക് തുടങ്ങിയ ഇരുപതോളം തടികൾ ഒഴുകിപ്പോയി. 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി മില്ലുടമ സൂരജ് ടോം അറിയിച്ചു. മണിമലയാറും തോടുകളും കരകവിഞ്ഞൊഴുകിയതോടെ വെള്ളാവൂർ, മണിമല, വാഴൂർ, ചിറക്കടവ്, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വെള്ളത്തിലായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home