നാടെങ്ങും ശ്രീനാരായണ ഗുരു, അയ്യൻകാളി ജയന്തി ആഘോഷിച്ചു

കെപിഎംഎസ് വൈക്കം യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ജയന്തി അവിട്ടാഘോഷം സംസ്ഥാന പ്രസിഡന്റ് എ സനീഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം കേരളത്തിലെ സാമൂഹ്യപരിഷ്‌കരണത്തിന് നേതൃത്വം നൽകിയ ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ജന്മദിനം ജില്ലയിലെങ്ങും ആചരിച്ചു. ജാതിയുടെ പേരിലുള്ള അടിച്ചമർത്തലുകളെ ചോദ്യം ചെയ്‌ത്, സമൂഹത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ ഗുരുവിനെയും അയ്യൻകാളിയെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ അനുസ്‌മരിച്ചു. ഗുരുജയന്തിദിനത്തിൽ ജില്ലയിൽ വിവിധ എസ്‌എൻഡിപി യോഗം ശാഖകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുപൂജ, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനങ്ങൾ എന്നിവ നടന്നു. നാഗന്പടം മഹാദേവക്ഷേത്രാങ്കണത്തിൽ എസ്‌എൻഡിപി യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ പതാക ഉയർത്തി. വിവിധ കലാ–കായിക മത്സരങ്ങളും സമൂഹ പ്രാർഥനയും നടന്നു. കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ജയന്തിദിനാഘോഷം നടന്നു. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശ് പതാക ഉയർത്തി. ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽനിന്ന് ആരംഭിച്ച ജലഘോഷയാത്രയിൽ നിരവധി കളിവള്ളങ്ങൾ അണിനിരന്നു. ശ്രീനാരായണഗുരു ഒരു നൂറ്റാണ്ടിനുമുന്പ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ ഓർമ പുതുക്കാനായി കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയും നടന്നു. എസ്എൻഡിപി യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നവോത്ഥാനനായകൻ അയ്യൻകാളിയുടെ 163–- മത് ജയന്തി അവിട്ടാഘോഷം കെപിഎംഎസ് നേതൃത്വത്തിൽ ജില്ലയിലെ 268 ശാഖായോഗങ്ങളിലും വിപുലമായ പരികളോടെ ആഘോഷിച്ചു. ശാഖായോഗം കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന, മധുരപലഹാര വിതരണം, ജയന്തി സമ്മേളനം തുടങ്ങിയവ നടത്തി. യൂണിയൻ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികൾ നടത്തി. വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ജയന്തി സമ്മേളനം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് ഇ ആർ സിന്ധുമോൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി മോഹനൻ പേരേത്തറ, ടി ആർ സാബുജി, ബാബു വടക്കേമുറി, കെ കെ അനിൽകുമാർ, പി കെ സാലു, വി ബിബിൻ തുടങ്ങിയവർ സംസാരിച്ചു.








0 comments