ശ്രീനാരായണ ജയന്തി വള്ളംകളി
മൂന്നുതൈയ്‌ക്കൻ ജേതാവ്

കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണഗുരു ജയന്തി മത്സര വള്ളംകളിയിൽ ഇരുട്ടുകുത്തി ഒന്നാംഗ്രേഡ് ഫൈനൽ മത്സരത്തിൽ കുമരകം ബോട്ട് ക്ലബ്ബിന്റെ മൂന്ന്തൈയ്ക്കൻ ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോൾ തുഴക്കാരുടെ ആഹ്ലാദം
കുമരകം ശ്രീനാരായണ ജയന്തി മത്സരവള്ളംകളിയിൽ കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ മൂന്നുതൈയ്‌ക്കൻ ജേതാവായി. ആറ് വിഭാഗങ്ങളിലായി 18 വള്ളങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ജോതാവായി മൂന്നുതൈയ്‌ക്കൻ ശ്രീനാരായണ എവറോളിങ് ട്രോഫി നേടിയത്. ലാൽ ശങ്കറാണ് ടീമിന്റെ ക്യാപ്‌റ്റൻ. കവണാർ സിറ്റി തുഴഞ്ഞ തുരുത്തിത്തറയെയാണ് തോൽപിച്ചത്. കുമരകം കോട്ടത്തോട്ടിൽ നടന്ന മത്സരം കാണാൻ ഇരുകരയിലും വിദേശ ടൂറിസ്‌റ്റുകളടക്കം നിരവധി ആളുകളെത്തി. മാസ് ഡ്രിൽ നടത്തി. തുടർന്നാണ് വെപ്പ്, ഇരുട്ടുകത്തി, ചുരുളൻ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നത്. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ കുമരകം വാരിയേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ വെണ്ണയ്‌ക്കലമ്മ വിജയിച്ചു. ഇരുട്ടുകുത്തി സി ഗ്രേഡിൽ അറുപറ ബോട്ട് ക്ലബ്ബിന്റെ ഹനുമാൻ 2 ജേതാക്കളായി. വെപ്പ് ഒന്നാം ഗ്രേഡിൽ എസ്‌എൻ ബോട്ട് ക്ലബ്ബിന്റെ പട്ടേരിപ്പുരയ്‌ക്കലും വെപ്പ് രണ്ടാം ഗ്രേഡിൽ കവണാർ സിറ്റിയുടെ പിജി കരിപ്പുഴയും ചുരുളൻ മൂന്നാം ഗ്രേഡിൽ പുലിക്കുട്ടിശേരി കാശി ബ്രദേഴ്‌സിന്റെ കാശിയുമാണ് ജേതാക്കൾ. മത്സരം മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്‌തു. ശ്രീനാരായണജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് സാൽവിൻ കൊടിയന്ത്ര അധ്യക്ഷനായി. അന്തരിച്ച പ്രസിഡന്റ് വി പി അശോകന്റെ ഛായാചിത്രം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ അനാച്ഛാദനം ചെയ്‌തു. നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി ഗോപി, വൈസ്‌പ്രസിഡന്റ് രമ്യ ഷിജോ, ക്ലബ് ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി, എ കെ ജയപ്രകാശ്, ഫാ. സിറിയക് വലിയപറമ്പിൽ, പഞ്ചായത്തംഗങ്ങളായ ആർഷ ബൈജു, കെ ജി ബിനു, കെ എസ് സലിമോൻ, സീമ ദിലീപ് എന്നിവർ സംസാരിച്ചു. വർണാഭം ഘോഷയാത്ര കുമരകം ശ്രീനാരായണ ജലമേളയ്‌ക്കു മുന്നോടിയായി ശ്രീകുമാരമംഗലം ക്ഷേത്രത്തിൽനിന്ന് കോട്ടത്തോട് വരെ നാടൻ വള്ളങ്ങളുടെ വർണാഭമായ ഘോഷയാത്ര നടന്നു. പഞ്ചവാദ്യം, നാദസ്വരം തുടങ്ങിയ വിവിധ സംഗീത, നൃത്ത പരിപാടികൾ ഘോഷയാത്രയിൽ അണിനിരന്നു. കഥകളിയടക്കമുള്ള കലാരൂപങ്ങളും ഘോഷയാത്രയെ മനോഹരമാക്കി. ശ്രീനാരായണ ഗുരു 1903-ൽ കുമരകം സന്ദർശിച്ചിരുന്നു. ആലപ്പുഴയിൽനിന്ന് വള്ളത്തിൽ കയറിയ അദ്ദേഹം മറ്റ് വള്ളങ്ങളുടെ അകമ്പടിയോടെയാണ് കുമരകത്തെത്തിയത്. ഇൗ സന്ദർശനത്തിൽ ഗുരു കുമരകത്ത് ശ്രീകുമാരമംഗലം ക്ഷേത്രം സ്ഥാപിച്ചു. ഇതിന്റെ ഓർമ പുതുക്കിയാണ് വള്ളംകളിയും ഘോഷയാത്രയും നടത്തുന്നത്.








0 comments