ഹോട്ടൽ, നിർമാണ മേഖലകളിൽ തീരാ പ്രതിസന്ധി
തൊഴിലാളിക്ഷാമം

കോട്ടയം
അതിഥിത്തൊഴിലാളികൾ വേണ്ടത്ര മടങ്ങിയെത്താത്തതിനാൽ ജില്ലയിലെ ഹോട്ടൽ, നിർമാണ മേഖലകളിലെ പ്രതിസന്ധി തുടരുന്നു. ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണത്തിനുമായി നാട്ടിൽപോയ അതിഥിത്തൊഴിലാളികളിൽ ചെറിയ ശതമാനം മാത്രമാണ് ഇതിനകം മടങ്ങിയെത്തിയത്. നിർമാണം ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. തൊഴിലാളികളെ ആവശ്യത്തിന് കിട്ടാതായതോടെ ഉയർന്ന കൂലി നൽകി പലരെയും കൂട്ടിക്കൊണ്ട് പോവുകയാണ്. മേസ്‌തിരിക്ക് 1,150 രൂപയും ഹെൽപർക്ക് 950 രൂപയുമാണ് നേരത്തെ നൽകിയിരുന്നത്. ഇത് 1,300 രൂപ വരെയായി ഉയർന്നു. ഉയർന്ന കൂലി നൽകിയാലും പല ജോലികൾക്കും ആളെ കിട്ടാനില്ല. മുഹറം ആഘോഷം 25നാണ്. അത് കഴിഞ്ഞേ പലരും മടങ്ങിയെത്തൂ എന്നാണ് കരാറുകാർ പറയുന്നത്. ഹോട്ടലുകളിൽ കുക്ക്, സപ്ലയർ, ക്ലീനിങ് തുടങ്ങി ഭൂരിഭാഗം ജോലികളും അതിഥിതൊഴിലാളികളാണ് ചെയ്യുന്നത്. പാചകവാതക വില കുത്തനെ കൂടിയതോടെ ചെറുകിട ഹോട്ടലുടമകൾ പ്രതിസന്ധിയിലാണ്. പാചകവാതക സിലിണ്ടർ കിട്ടാത്തതിനാൽ പലരും വിറകടുപ്പിലേക്ക് മാറിയിരുന്നു. വിറകിനും ഇരട്ടിയായി വില കൂടി. വേണ്ടത്ര കിട്ടാനുമില്ല. കെട്ടിട നിർമാണ മേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. കാർഷിക മേഖലയിലും തൊഴിലാളികളുടെ ക്ഷാമമുണ്ട്. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് പൈനാപ്പിൾ കൃഷിക്കും തിരിച്ചടിയായി.










0 comments